
നാഗ്പൂര്‍ : ന്യൂസിലന്‍ഡിനെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.ന്യൂസിലന്‍ഡിനെ 48 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ പോരാട്ടം 190ല്‍ അവസാനിച്ചു.
രണ്ടാമത് ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡിന്റെ തുടക്കം തന്നെ പാളി. അര്‍ഷ്ദീപ് സിംഗിന്റെ രണ്ടാം പന്തില്‍ തന്നെ ഡെവണ്‍ കോണ്‍വെയെ മികച്ച ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കി. ഗ്ലെന്‍ ഫിലിപ്സ് 78 റണ്‍സെടുത്തും മാര്‍ക് ചാപ്മാനും ഡാരില്‍ മിച്ചലുമെല്ലാം നന്നായി ബാറ്റ് വീശിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണത് തിരിച്ചടിയായി.
അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. അഭിഷേക് 35 പന്തില്‍ 84 റണ്‍സ് നേടി.സഞ്ജു സാംസണ്‍ 10 റണ്‍സും ഇഷാന്‍ കിഷന്‍ എട്ടും റണ്‍സെടുത്ത് പുറത്തായി.
32 റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവും 25 റണ്‍സോടെ ഹാര്‍ദിക് പണ്ഡ്യയും അഭിഷേകിന് പിന്തുണ നല്‍കി.റിങ്കു സിംഗ് 20 പന്തില്‍ പുറത്താകാതെ 44 റണ്‍സ് നേടി.ഇതോടെ ഇന്ത്യ 7ന് 238ലെത്തി.
അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം മത്സരം വെള്ളിയാഴ്ച.









