Monday, April 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

by News Desk
April 12, 2026
in TRAVEL
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

ഈജിപ്‌ത് എന്ന് കേൾക്കുമ്പോൾ സ്‌കൂൾ പാഠപുസ്തകങ്ങളിൽ പഠിച്ച നിരവധി ഓർമ്മച്ചിത്രങ്ങളുണ്ട്. പിരമിഡ്, ഫറോവ, സ്ഫിംങ്സ്, നൈൽ, അൽലക്സാണ്ടർ ചക്രവർത്തി, ക്ലിയോപാട്ര, അസ്ഹർ സർവകലാശാല, കൊണാർക് ടെംപിൾ അങ്ങനെയങ്ങനെ. കൂടാതെ നിരവധി ഇസ്‌ലാമിക വൈജ്ഞാനിക സൂഫി പണ്ഡിതരുടെ മണ്മറഞ്ഞ നാട്. എല്ലാമൊന്ന് നേരിട്ട് കണ്ട് അടുത്തറിയണമെന്ന ആലോചനയിലാണ് യാത്ര പദ്ധതിയിട്ടത്. യാത്രാ സംഘത്തിലെ ആദ്യ ബാച്ചിൽ അഞ്ചുപേരാണുള്ളത്. അഫ്സറലി, സ്വാദിഖ്, സ്വബാഹ്, ഇല്യാസ് പിന്നെ ഈ ലേഖകൻ.

ഒരു വൈകുന്നേരം ദുബൈയിൽ നിന്ന് ഫ്ലൈദുബൈയിലായിരുന്നു യാത്ര. രണ്ടാമത്തെ ബാച്ച് അടുത്ത ദിവസമാണ് കൈറോയിൽ ഒരുമിച്ചത്. നാലുമണിക്കൂർ നീണ്ട യാത്രക്കൊടുവിൽ അലക്സാൻഡ്രിയ എയർപോർട്ടിൽ വിമാനം നിലംതൊട്ടു. റോഡ് മാർഗം രണ്ടര മണിക്കൂർ യാത്ര ചെയ്ത് കൈറോയിൽ വന്നു. തുടർന്നുള്ള രണ്ട് ദിവസം കൈറോയിലായിരുന്നു. അവിടെ കാഴ്ചകൾ ഒരു സമ്മിശ്രവികാരവും അനുഭവവുമാണ് നൽകിയത്. പഴയ കൈറോയുടെ തെരുവിലൂടെ യാത്ര ചെയ്യുമ്പോൾ അതൊരു ഉപേക്ഷിക്കപ്പെട്ട നഗരമാണോ എന്ന് ഒരുവേള നമുക്ക് തോന്നായ്കയില്ല. പാതക്കിരുവശവും നിറയെ കൂറ്റൻ താമസ സമുച്ഛയങ്ങൾ. എല്ലാം പഴകിയതും പൊടിപിടിച്ചതും. പണ്ടെങ്ങോ അടിച്ച ചായങ്ങൾ നിറംമങ്ങി നരച്ച് ഒരു പുരാവസ്തുവിന്റെ തനിമ നിലനിർത്താൻ കാത്തുവെച്ചപോലെ. ഇത് ശരിക്കും ചിലയിടങ്ങളിൽ ഉണ്ട് താനും. സിറ്റി ഓഫ് ഡെഡ് എന്ന് വിളിക്കപ്പെടുന്ന കെയ്റോ നെക്രോപോളിസ് അല്ലങ്കിൽ ഖറാഫ എന്ന സ്ഥലം. ഇസ്‌ലാം ഈജിപ്തിലേക്ക് വന്ന എ.ഡി 642 മുതൽ 19ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പുകളുടെ അടയാളങ്ങളായി ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. സെമിത്തേരികളും മസ്ജിദുകളും പാഠശാലകളും ഉൾപ്പടെ പുരാതന ശേഷിപ്പുകളുടെ ഒരു വൻ നിരതന്നെ ഇവിടെ കാണാം.

കൈറോ കാഴ്ചകൾ

കൈറോയിൽ ആദ്യം ഞങ്ങൾ പോയത് ‘മ്യൂസിയം ഓഫ് ഈജിപ്ഷ്യൻ ആന്റിക്വിറ്റീസ്’ എന്നും ‘ഈജിപ്ഷ്യൻ മ്യൂസിയം’ എന്ന പേരിലും അറിയപ്പെടുന്ന മ്യൂസിയത്തിലേക്കാണ്. 1902ൽ നിർമ്മിച്ച ഇതിൽ 1.7ലക്ഷം പുരാവസ്തുക്കളുണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയങ്ങളിൽ ഒന്നാണ് തഹ്‌രീർ ചത്വരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയം ഓഫ് ഈജിപ്ഷ്യൻ ആന്റിക്വിറ്റീസ്. 2011ലെ ഈജിപ്ത് വിപ്ലവ കാലത്ത് ഇവിടുത്തെ പല പുരാവസ്തുക്കളും നഷ്ടപ്പെടുകയും ചില വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുകയുമുണ്ടായി. ഇവിടെയുള്ള ഫറോവൻ മമ്മികളെ 2021ൽ നിർമ്മിച്ച നാഷണൽ മ്യുസിയം ഓഫ് ഈജിപ്ഷ്യൻ സിവിലൈസേഷൻ എന്ന മ്യുസിയത്തിലേക്ക് മാറ്റുകയുണ്ടായി. ഈജിപ്ഷ്യൻ മ്യൂസിയം കണ്ടുകഴിഞ്ഞപ്പോഴേക്കും ഞങ്ങളോടൊപ്പം ചേരുന്നതിനായി പുലർച്ചെ ദുബൈയിൽ നിന്ന് പുറപ്പെട്ട മറ്റു രണ്ട് സുഹൃത്തുക്കളായ അലി, റസൽ എന്നിവർ കൈറോ എയപോർട്ടിൽ എത്തിയിരുന്നു. അവരെ പിക്ക് ചെയ്ത് നേരെ സലാഹുദ്ദീൻ സിറ്റാഡൽ ലക്ഷ്യമാക്കി പുറപ്പെട്ടു. ഈജിപ്തിൽ പഠിക്കുന്ന വയനാട് അമ്പലവയൽ സ്വദേശി അജ്മലാണ് ഞങ്ങളുടെ വഴികാട്ടിയായിരുന്നത്. അദ്ദേഹം ഉൾപ്പടെ എട്ടംഗങ്ങളുണ്ട് ഞങ്ങളുടെ സംഘത്തിൽ. കൂടെ ഡ്രൈവറായി നാദിറും.

സലാഹുദ്ദീൻ കോട്ട

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച കുർദിഷ്‌ ഭരണാധികാരിയും, പോരാളിയും അയ്യൂബിയ്യ ഭരണകൂട സ്ഥാപകനുമായ സലാഹുദ്ദീൻ അയ്യൂബി നിർമ്മിച്ച കൈറോ സിറ്റാഡൽ എന്നറിയപ്പെടുന്ന സലാഹുദ്ദീൻ സിറ്റാഡൽ(സലാഹുദ്ദീൻ കോട്ട) എഴുനൂറ് വർഷത്തോളം ഈജിപ്ഷ്യൻ ഭരണകൂടത്തിന്റെ കേന്ദ്രമായിരുന്നു. മുഖദ്ദം കുന്നുകളുടെ ഭാഗത്താണിത് സ്ഥിതിചെയ്യുന്നത്. കോട്ടക്ക് അകത്ത് സൈനിക മ്യൂസിയവും നാല് മസ്ജിദുകളും യൂസുഫ് കിണർ അല്ലങ്കിൽ ബിഅ്ർ യൂസഫ് എന്നറിയപ്പെടുന്ന ഒരു കിണറും ഉണ്ട്. കൈറോ നഗരത്തിൽ എവിടുന്ന് നോക്കിയാലും കാണാനാവുന്ന തരത്തിലുള്ള ഒരു ലാൻഡ്മാർക്കാണ് പത്തോമ്പതാം നൂറ്റാണ്ടിൽ മുഹമ്മദലി പാഷ സ്ഥാപിച്ച ഇതിനകത്തുള്ള മുഹമ്മദലി പാഷ മസ്ജിദ് എന്ന പേരിലുള്ള കൂറ്റൻ മസ്ജിദ്. അലബസ്റ്റാർ എന്ന ഒരിനം കല്ലിലാണിത് നിർമിച്ചിട്ടുള്ളത്.

ഈജിപ്തിലെ മറ്റു ചരിത്രപ്രാധാന്യമുള്ള സമുച്ചയങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓട്ടോമൻ -യൂറോപ്യൻ മാതൃകയിലാണ് ഈ മസ്ജിദിന്റെ നിർമ്മിതി. സിറ്റാഡൽ കണ്ടു കഴിഞ്ഞപ്പോൾ ഉച്ചഭക്ഷണത്തിനുള്ള സമയമായി. അൽ മനിയിൽ എന്ന സ്ഥലത്തുള്ള നൈൽ നദിയുടെ അരികിലായി സ്ഥിതിചെയ്യുന്ന ഒരു റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണ ശേഷം ഒരു സ്ഥലവും കൂടി കാണാം എന്ന തീരുമാനത്തിൽ നേരെ അബു ശർഗ അഥവാ സെന്റ് സെർജിയസ് ബാക്ക്യൂസ് ചർച്ച് കാണാനായി പുറപ്പെട്ടു.

കോപ്റ്റിക് കെയ്റോ

ഈജിപ്തിലെ പുരാതന കോപ്റ്റിക് കൃസ്ത്യൻ ചർച്ചാണിത്. ഓൾഡ് കെയ്റോ അല്ലങ്കിൽ കോപ്റ്റിക് കയ്‌റോ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഈജിപ്തിലെ ഉമയ്യ ഗവർണറായിരുന്ന അബ്ദുൽ അസീസ് ഇബ്ന് മാർവാന്റെ എഴുത്തുകാരനായിരുന്ന അത്താനോസ്യോസ്, ക്രിസ്താബ്ദം 7ാം നൂറ്റാണ്ടിൽ നിർമിച്ചതാണിത്. ബാബിലോൺ ഫോട്രെസിന്റെ (Babylon Fortress) ഭാഗമായാണ് ഈ ചർച്ചുമുള്ളത്.

മുസ്ലിംകൾ ഈജിപ്ത് കീഴടക്കിയ കാലത്ത് അവർ പുതിയതായി നിർമിച്ച പട്ടണമായിരുന്നു ഫുസ്ഥാത്. പിന്നീട് കൈറോ എന്ന പേരിലേക്ക് മാറ്റിയ ഫുസ്ഥാത് അന്നത്തെ ഭരണ കേന്ദ്രമായിരുന്നു. അതുവരെ അലക്‌സാൻഡ്രിയ ആയിരുന്നു ഭരണ തലസ്ഥാനം. ബാബിലോൺ ഫോട്രെസിന്റെ ചുറ്റുമതിലിന് തൊട്ടായിരുന്നു ഫുസ്ഥാത്.

ഈജിപ്ത് ജനസംഖ്യയിൽ 10-15 ശതമാനത്തോളം വരും കോപ്റ്റിക് കൃസ്ത്യാനികൾ. എല്ലാ മേഖലയിലും ഇവരുണ്ട്. ഡ്രൈവർ നാദിറും ഞങ്ങൾ താമസിച്ച ഹോട്ടൽ ഉടമസ്ഥരും ജീവനക്കാരും കോപ്റ്റിക് കൃസ്ത്യാനികളാണ്. കോപ്റ്റിക് കൈറോയിൽ നിന്ന് പിന്നീട് ഈജിപ്തിലെ പ്രശസ്തമായ ഖാൻ ഗലീലി മാർക്കറ്റ് കാണാൻ പോയി. 13ാം നൂറ്റാണ്ടിലെ മംലൂക് ഭരണാധികാരികൾ തുടക്കമിട്ടതാണ് ഈ മാർക്കറ്റ്. വലിയ തിരക്കനുഭവപ്പെടുന്ന കൈറോയിലെ പുരാതന മാർക്കറ്റാണിത്.

ഗിസയിലെ പിരമിഡ്

അടുത്തദിവസം രാവിലെ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യുസിയത്തിലേക്കായിരുന്നു യാത്ര. ഒരു നാഗരികതയുടെ ചരിത്രവും സംസ്കാരവും പൗരാണിക ശേഷിപ്പുകളും അവതരിപ്പിക്കുന്നതിന് മാത്രമായി സമർപ്പിക്കപ്പെട്ട മ്യൂസിയം അത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായാണ് അറിയപ്പെടുന്നത്. റാംസിസ് രണ്ടാമന്റെ കൂറ്റൻ പ്രതിമ മ്യൂസിയത്തിന്റെ ആദ്യ അകത്തളത്തിൽ തന്നെ സ്ഥാപിച്ചിരിക്കുന്നു. ഒരു ലക്ഷത്തിലധികം പുരാവസ്തുക്കളുടെ ശേഖരമുണ്ട് ഈ മ്യുസിയത്തിൽ. ഗ്ലാസ് മേൽക്കൂരയും സുതാര്യമായ നിർമ്മിതിയുമായതിനാൽ മ്യൂസിയത്തിന്റെ അകത്ത് നിന്ന് ഗിസയിലെ പിരമിഡുകൾ കാണാനാവും. തുത്തുകാമൻ ഉൾപ്പടെയുള്ള ഫറവോന്മാരുടെ സ്വർണത്തിൽ നിർമിച്ച ശവക്കല്ലറകളും മാസ്കുകളും പ്രദർശന ശേഖരത്തിലെ ശ്രദ്ധേയമായവയാണ്. കുഫു എന്ന ഫറോവയുടെ കാലഘട്ടത്തിലെ പുനർനിർമിക്കപ്പെട്ട സോളാർ കപ്പലും ഇവിടെ പ്രത്യേക കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് മണിക്കൂറോളം ഒരു ഓട്ടപ്രദക്ഷിണം പോലെ മ്യൂസിയം കണ്ട് അടുത്ത ലക്ഷ്യമായ ഗിസയിലേക്ക് വിട്ടു.

കൈറോയിൽ നിന്ന് ഏകദേശം 13 കി.മീറ്റർ യാത്ര ചെയ്താൽ ഗിസയിൽ എത്താം. ഈജിപ്തിൽ ഇതുവരെ 138 പിരമിഡുകളാണ് കണ്ടെത്തിയിട്ടുള്ളത്. അവയിൽ പൗരാണികമായ ഏഴ് ലോകാത്ഭുതങ്ങളിൽ ഇപ്പോഴും അവശേഷിക്കുന്നതും ഏറെ പ്രശസ്തവുമാണ് ഗിസയിലെ പിരമിഡുകൾ. മൂന്ന് പ്രധാന പിരമിഡുകളാണ് ഇവിടെയുള്ളത്. ഫറോവ രാജാക്കന്മാരായിരുന്ന കുഫു, കാഫറെ, മെൻകൗർ എന്നിവരുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. അവയിൽ തന്നെ കഫുവിന്റെ പിരമിഡ് ആണ് വലുതും ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ എന്നറിയപ്പെടുന്നതും. വെളുത്ത നിലവാരമുള്ള ചുണ്ണാമ്പുകല്ലുകൾ ഉപയോഗിച്ചാണ് പിരമിഡിന്റെ പുറംഭാഗം നിർമിച്ചിട്ടുള്ളത്. പിരമിഡിന്റെ ഉള്ളിലേക്കുള്ള പ്രവേശനത്തിന് പ്രത്യേക ടിക്കറ്റുണ്ട്. പിരമിഡുകളുടെ സമീപ സ്ഥലത്തായിട്ടാണ് സ്ഫിംക്സ് ഉള്ളത്. മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമുള്ള ‘സാങ്കൽപിക ജീവി’ ഗ്രേറ്റ് സ്ഫിങ്സ് ഓഫ് ഈജിപ്ത് എന്നാണ് അറിയപ്പെടുന്നത്. 2600-2500 ബി.സിയിൽ ഭരിച്ച ഫറോവ രാജാവ് ഖാഫ്രയുടെ മുഖസാദൃശ്യമാണ് സ്ഫിങ്സിനെന്നാണ് ഇജിപ്റ്റോളജിസ്റ്റുകൾ പറയുന്നത്.

ലക്‌സറും കർണാക്കും

തീബ് എന്ന പുരാതന ഈജിപ്ഷ്യൻ പട്ടണമാണ് ഇപ്പോൾ ലക്സർ എന്നറിയപ്പെടുന്നത്. പുരാതന ഈജിപ്തിന്റെ തലസ്ഥാങ്ങളിൽ ഒന്നായിരുന്നു ലക്സർ. ലക്സർ ഗവർണറേറ്റിന്റെ ആസ്ഥാനമാണ് ഇപ്പോൾ ലക്സർ സിറ്റി. റോഡ് വഴി ഗിസയിൽ നിന്ന് ലക്സറിലേക്ക് ഏകദേശം 700 കി.മീറ്റർ ദൂരമുണ്ട്. ഇത്രയും കിലോമീറ്റർ ഓടാൻ ഏകദേശം 7-8 മണിക്കൂറുകൾ വേണം. ചെങ്കടലിന് സമാന്തരമായി പോകുന്ന കണ്ണെത്താ ദൂരമുള്ള വിജനമായ പാതകളിലൂടെയാണ് യാത്ര. പുലർച്ചെ ലക്സറിൽ എത്താം എന്നായിരുന്നു കണക്ക് കൂട്ടൽ. അതിരാവിലെ എത്തിയാൽ ഹോട്ട് എയർ ബലൂൺ കയറാം അതായിരുന്നു ആദ്യത്തെ പ്ലാൻ. നിർഭാഗ്യവശാൽ സഫാഗ് ചെക്ക് പോസ്റ്റിൽ സമയത്തിന് ഓടിയെത്താൻ കഴിയാതെ വന്നു. ലക്സറിൽ എത്തുമ്പോൾ ഏഴരമണിയായി. ഹോട്ട് എയർ ബലൂൺ പദ്ധതി നടന്നില്ല. തുടർന്ന് വാലി ഓഫ് കിങ്സിലേക്ക് പുറപ്പെട്ടു.

ഫറോവ രാജാക്കന്മാരുടെ നിരവധി മമ്മികളും കല്ലറകളും ഖനനം ചെയ്തെടുത്ത സ്ഥലമാണിത്. ചിലരുടേത് ഇവിടെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. പലരുടേതും ഈജിപ്ഷ്യൻ മ്യൂസിയത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. തുത്തുകാമൻ പോലുള്ളവരുടെ മമ്മികൾ ഇവിടെയാണുള്ളത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രമാണ് വാലി ഓഫ് കിങ്‌സ് അഥവാ രാജാക്കന്മാരുടെ താഴ്വര. ഏകദേശം രണ്ട് മണിക്കൂർ സമയം വാലി ഓഫ് കിങ്സിൽ ചിലവഴിച്ചു. അടുത്ത ലക്ഷ്യം കർണാക് ടെമ്പിൾ ആയിരുന്നു.

ബി.സി 2000നും 1700നും ഇടയിൽ തുടങ്ങി ടോളമിക് രാജാക്കന്മാരുടെ കാലഘട്ടമായ ബി.സി 300നും 30നും ഇടയിലാണ് കർണാക് ടെമ്പിളുകളുടെ നിർമാണവും വികസനവും ഉണ്ടായത്. കർണാക് ടെംപിൾ ഏകദേശം ഒന്നൊന്നര മണിക്കൂർ നടന്നു കണ്ടു. കുറച്ച് മുന്നോട്ട് പോയാൽ ലക്സർ ടെമ്പിളുമുണ്ട്. ലക്സർ ടെമ്പിളിന്റെ നേരെ എതിർവശത്തായി നൈൽ നദി. നൈലിൽ നാടൻ ബോട്ടിൽ കുറച്ചകലെ വരെ പോയി മറുഭാഗത്തുള്ള ഒരു വാഴത്തോട്ടത്തിലും സന്ദർശനം നടത്തി. ലക്സറിന്റെ തെരുവുകളും സ്ഥലങ്ങളും വളരെ സാധാരണക്കാരും കർഷകരും കച്ചവടക്കാരും കൊണ്ട് സജീവമാണ്. പഴങ്ങളും പച്ചക്കറികളും കൃഷിയിടത്തിൽ നിന്ന് വണ്ടിയിൽ നിറച്ച് കൊണ്ടുപോകുന്നത് സാധാരണ കാഴ്ചയാണിവിടെ. കുതിര വണ്ടികളെയും സൈക്കിൾ യാത്രികരെയും എവിടെയും കാണാം. ലക്സറിൽ നിന്ന് നേരെ കൈറോയിലേക്ക് പോയി.

പിറ്റേന്ന് കാലത്ത് കൈറോയിലെ നാഷണൽ മ്യൂസിയം ഓഫ് ഈജിപ്ഷ്യൻ സിവിലൈസേഷൻ അഥവാ എൻ.എം.ഇ.സി എന്നറിയപ്പെടുന്ന മ്യൂസിയം കാണാൻ പോയി. റംസിസ് രണ്ടാമൻ ഉൾപ്പടെയുള്ള ഫറോവൻമാരുടെ മമ്മികൾ ഇവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്. 2021ൽ നിർമിച്ച ഈ മ്യൂസിയത്തിൽ അമ്പതിനായിരത്തിലധികം പുരാവസ്തുക്കളുണ്ട്. ഈജിപ്ഷ്യൻ നാഗരികതയുടെ ചരിത്രാതീത കാലം മുതൽ ആധുനിക കാലം വരെയുള്ളതിന്റെ പ്രദർശനമാണിവിടെയുള്ളത് . മ്യൂസിയം കണ്ടിറങ്ങിയ ഞങ്ങൾ അടുത്ത ലക്ഷ്യമായ അലക്‌സാൻഡ്രിയയിലേക്ക് പുറപ്പെട്ടു.

അലക്‌സാൻഡ്രിയ

ഈജിപ്തിലെ ഒരു പ്രധാന പട്ടണവും മുൻ തലസ്ഥാനവും ചരിത്ര നഗരിയുമാണ് അലക്‌സാൻഡ്രിയ. മെഡിറ്ററേനിയൻ തീരാത്തതാണിത്. ആദ്യം പോയത് ബിബ്ലിയോത്തിക്ക അലക്സാൻഡ്രിന എന്ന ലൈബ്രറിയിലേക്കായിരുന്നു. പുരാതന ഈജിപ്തിലെ ലൈബ്രറി ഓഫ് അലക്സാൻഡ്രിയയുടെ സ്മരണക്കാണ് ഇത് നിർമ്മിച്ചത്. 2002ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ ലൈബ്രറിയിൽ എട്ട് മില്യൺ പുസ്തകങ്ങൾ ഉൾക്കൊള്ളാനുള്ള സ്ഥലമുണ്ട്. ഫ്രാൻസ് നാഷണൽ ലൈബ്രറി, ഈ ലൈബ്രറിയിലേക്ക് 5 ലക്ഷം പുസ്തകങ്ങൾ സംഭാവനയായി നൽകിയിട്ടുണ്ട്. ലൈബ്രറിക്കടുത്തുള്ള പ്രദേശം വിദ്യാർത്ഥികളേയും സന്ദർശകരെയും കൊണ്ട് ജനസാന്ദ്രമാണ്. നിരവധി ഷോപ്പുകളും കച്ചവടക്കാരും ഇവിടെ സജീവം. മെഡിറ്ററേനിയൻ കടലിന്റെ ചാരത്തായതിനാൽ ടൂറിസ്റ്റുകളുടെ തിരക്ക് വേറെയും. സുൽത്താൻ അഷറഫ് സൈഫി ഖൈത്ബേ 15ാം നൂറ്റാണ്ടിൽ നിർമിച്ച ഖൈത്ബേ സിറ്റാഡൽ കാണാനാണ് പിന്നെ പോയത്.

പുരാതന കാലത്തെ സപ്താൽഭുതങ്ങളിൽ ഒന്നായിരുന്ന ഈജിപ്ഷ്യൻ വിളക്കുമാടം ഉണ്ടായിരുന്ന മെഡിറ്ററേനിയൻ തീരാത്തതാണ് ഈ കോട്ട നിർമിച്ചിട്ടുള്ളത്. കോട്ടയുടെ ഉൾഭാഗത്തുള്ള കിളിവാതിലിലൂടെ മെഡിറ്ററേനിയൻ കടലിലേക്കുള്ള ദൃശ്യം മനോഹരമാണ്. തുർക്കികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഖൈത്ബേ ഈ കോട്ട നിർമിച്ചത്. മടങ്ങുന്നതിന് മുമ്പ് അലക്‌സാൻഡ്രിയയുടെ തെരുവിലൂടെ ഒന്ന് കറങ്ങി. പിന്നെ കടൽ വിഭവങ്ങൾ മാത്രമായുള്ള ഒരു ഭോജനശാലയിൽ നിന്ന് ഭക്ഷണവും കഴിച്ച് അലക്‌സാൻഡ്രിയ അന്തർദേശീയ വിമാനത്തവാളത്തിലേക്ക് മടക്കം. ●

ShareSendTweet

Related Posts

സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്
TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

April 12, 2026
വെനീസ്-വിളിക്കുന്നു;-വരൂ,-കനാലുകളിലൂടെ-കാഴ്ചകളിലേക്കൊഴുകാം…
TRAVEL

വെനീസ് വിളിക്കുന്നു; വരൂ, കനാലുകളിലൂടെ കാഴ്ചകളിലേക്കൊഴുകാം…

April 7, 2026
ഒരു-ദിവസം-നാല്-സീസണുകൾ,-പെൻഗ്വിനുകൾക്കൊപ്പം-നടന്നു-സഞ്ചരിക്കാം;-‘ലോകത്തിന്റെ-അവസാന’ത്തിലേക്ക്-ഒരു-യാത്ര
TRAVEL

ഒരു ദിവസം നാല് സീസണുകൾ, പെൻഗ്വിനുകൾക്കൊപ്പം നടന്നു സഞ്ചരിക്കാം; ‘ലോകത്തിന്റെ അവസാന’ത്തിലേക്ക് ഒരു യാത്ര

April 7, 2026
മലമ്പാതകളുടെ-മനോഹാരിതയിലൂടെ-കാഴ്ചകളുടെ-കൊടുമുടിയേറാം;-‘മിനി-സ്വിറ്റ്സർലാൻഡാ’യ-ചോപ്തയിലെ-വിശേഷങ്ങൾ…
TRAVEL

മലമ്പാതകളുടെ മനോഹാരിതയിലൂടെ കാഴ്ചകളുടെ കൊടുമുടിയേറാം; ‘മിനി സ്വിറ്റ്സർലാൻഡാ’യ ചോപ്തയിലെ വിശേഷങ്ങൾ…

April 7, 2026
ഇനി-യാത്ര-തുടങ്ങാം…-കാടറിഞ്ഞ്
TRAVEL

ഇനി യാത്ര തുടങ്ങാം… കാടറിഞ്ഞ്

April 6, 2026
Next Post
“ഞങ്ങളുടെ-നിബന്ധനകൾ-അംഗീകരിക്കാൻ-അവർ-തയ്യാറായില്ല”,-ഇത്-ഇറാന്-ദോഷം-ചെയ്യും,-21-മണിക്കൂര്‍-നീണ്ട-ഇറാൻ-യുഎസ്-ചർച്ച-വന്‍-പരാജയം,-യുഎസിന്റെ-അമിതമായ-ആവശ്യങ്ങള്‍-അംഗീകരിക്കാന്‍-കഴിയില്ലെന്ന്-ഇറാൻ

“ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല”, ഇത് ഇറാന് ദോഷം ചെയ്യും, 21 മണിക്കൂര്‍ നീണ്ട ഇറാൻ-യുഎസ് ചർച്ച വന്‍ പരാജയം, യുഎസിന്റെ അമിതമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇറാൻ

ശ്രീനിവാസൻ-വധക്കേസിൽ-ജമാഅത്തെ-ഇസ്‌ലാമിയെ-വലിച്ചിഴച്ചു,-ശോഭാ-സുരേന്ദ്രന്‍-പ്രസ്താവന-പിൻവലിച്ച്-പരസ്യമായി-മാപ്പ്-പറയണം,-ഒരു-കോടി-രൂപ-നഷ്ടപരിഹാരം-ആവശ്യപ്പെട്ട്-ജമാഅത്തെ-ഇസ്‌ലാമിയുടെ-വക്കീൽ-നോട്ടീസ്

ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിയെ വലിച്ചിഴച്ചു, ശോഭാ സുരേന്ദ്രന്‍ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

വൈഭവ്-വന്നാൽ-അഭിഷേക്-ശർമ്മയെ-മറക്കും!-ഇന്ത്യൻ-വണ്ടർ-കിഡിനെ-വാനോളം-പുകഴ്ത്തി-മുൻ-പാക്-താരം

വൈഭവ് വന്നാൽ അഭിഷേക് ശർമ്മയെ മറക്കും! ഇന്ത്യൻ വണ്ടർ കിഡിനെ വാനോളം പുകഴ്ത്തി മുൻ പാക് താരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു;ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി
  • Happy Vishu Wishes in Malayalam: ‘കണിമലരിന്റെ സ്നേഹനൈര്‍മ്മല്യം എന്നും തിളങ്ങട്ടെയുള്ളില്‍’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം വിഷു ആശംസകള്‍
  • ‘കണ്ണും പൂട്ടി’ ഇറങ്ങിത്തിരിച്ചാല്‍ കീശ കീറും, കൈ പൊള്ളും ; ‘കരുതിക്കൂട്ടി’യാണെങ്കില്‍ സമാധാനമുണ്ട് ; സ്വര്‍ണം വാങ്ങാനൊരുങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്
  • മരണവേദനയോ അതിലപ്പുറമോ? ഈ കുഞ്ഞൻ വില്ലന്മാരെ സൂക്ഷിക്കുക; പ്രകൃതിയിലെ ‘അദൃശ്യ’ കൊലയാളികൾ
  • ക്രിസ്തുവായി വേഷമിട്ട് ട്രംപ്, മാലാഖമാരും യുദ്ധവിമാനങ്ങളും അകമ്പടി; പോപ്പിനെതിരെ ട്രംപിന്റെ പുതിയ എഐ വേഷപ്പകർച്ച!

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.