
ഹോർമുസ് കടലിടുക്കിൽ ഇറാനുനേരെയുള്ള ഉപരോധം അമേരിക്ക കർശനമാക്കുന്നു. ഇറാനിലെ തുറമുഖങ്ങളിലേക്ക് എത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് ഔദ്യോഗികമായി അറിയിച്ചു. ഉപരോധം ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കാനോ കർശനമായി ഇടപെടാനോ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. യുകെ മാരിടൈം ഏജൻസിയാണ് അമേരിക്കയുടെ ഈ നിർണ്ണായക നീക്കം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇറാനെ സാമ്പത്തികമായി തളർത്താൻ ലക്ഷ്യമിട്ട് ഡോണൾഡ് ട്രംപ് ഭരണകൂടം കടുത്ത നടപടികളിലേക്ക് കടന്നത്. ഇറാന് നൽകിയ സമയപരിധി അവസാനിച്ചതോടെ ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം രാത്രി 7:30 മുതൽ ഉപരോധം പൂർണ്ണതോതിൽ നിലവിൽ വരും. ഇറാൻ ഹോർമുസ് തുറന്നില്ലെങ്കിൽ മേഖലയിലെ മുഴുവൻ കപ്പൽ ഗതാഗതവും തടയുമെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: ഹോർമുസിൽ ഇറാന്റെ കരുത്ത്! അമേരിക്കൻ യുദ്ധക്കപ്പലിനെ തടയുന്ന ദൃശ്യങ്ങൾ പുറത്ത്!
അമേരിക്കയുടെ നീക്കത്തിനെതിരെ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ സൈന്യവും റെവല്യൂഷണറി ഗാർഡ്‌സും മുന്നറിയിപ്പ് നൽകി. തങ്ങളുടെ തുറമുഖങ്ങൾ ഭീഷണി നേരിട്ടാൽ പേർഷ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും മറ്റൊരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ‘സുരക്ഷ എല്ലാവർക്കും അല്ലെങ്കിൽ ആർക്കും വേണ്ട’ എന്ന ഇറാന്റെ പ്രഖ്യാപനം പശ്ചിമേഷ്യയെ ഒരു യുദ്ധഭീതിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.
ഉപരോധ വാർത്ത പുറത്തുവന്നതോടെ ആഗോള എണ്ണ വിപണിയിൽ വൻ വിലക്കയറ്റമാണ് പ്രതിഫലിക്കുന്നത്. നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞു. പ്രതിദിനം 135-ഓളം കപ്പലുകൾ കടന്നുപോയിരുന്ന ഈ തന്ത്രപ്രധാന പാതയിൽ ഇപ്പോൾ ഗതാഗതം നാമമാത്രമായി മാറിയിരിക്കുകയാണ്. ഇത് ആഗോള വ്യാപാര ശൃംഖലയെയും ഊർജ്ജ വിതരണത്തെയും വരും ദിവസങ്ങളിൽ സാരമായി ബാധിക്കുമെന്ന് ഉറപ്പായി.
The post ഹോർമുസ് കടലിടുക്ക് ഉപരോധിച്ച് അമേരിക്ക; കപ്പലുകൾ പിടിച്ചെടുക്കാൻ ട്രംപിന്റെ ഉത്തരവ് appeared first on Express Kerala.









