
ഒമാനിലെ പ്രധാന വിനോദസഞ്ചാര സീസണായ ഖരീഫ് കാലയളവിൽ മസ്‌കറ്റ്-സലാല വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത് തടയാൻ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് യാത്രക്കാർക്ക് ആശ്വാസകരമായ നിരക്ക് പട്ടിക പുറത്തിറക്കിയത്. ഒമാൻ എയർപോർട്‌സ്, ഒമാൻ എയർ, സലാം എയർ എന്നിവയുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സീസൺ അനുസരിച്ചുള്ള ഈ സുപ്രധാന തീരുമാനം അറിയിച്ചത്.
പുതിയ നിരക്കുകൾ പ്രകാരം ഖരീഫ് സീസണിൽ പോയി വരാനുള്ള ടിക്കറ്റിന് 54 റിയാലും, വർഷത്തിലെ മറ്റ് സമയങ്ങളിൽ 64 റിയാലും ആയിരിക്കും ഈടാക്കുക. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് നിരക്കിൽ ഇളവുകൾ ലഭിക്കും. ഒരു മാസം മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് 36 റിയാലും രണ്ടാഴ്ച മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് 46 റിയാലും നൽകിയാൽ മതിയാകും. അവസാന നിമിഷം ടിക്കറ്റ് എടുക്കുന്നവർക്ക് 57 റിയാലാണ് നിരക്ക്. കൂടാതെ, ലഗേജ് ഇല്ലാതെയും ഉൾപ്പെടുത്തിയുമുള്ള വിവിധ നിരക്കുകളിൽ ടിക്കറ്റുകൾ ലഭ്യമാകും.
സ്വദേശികൾക്കായി പ്രത്യേക പാക്കേജുകളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ലഗേജ് ഇല്ലാതെ വെറും 9.99 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാകുമ്പോൾ, 20 കിലോ ലഗേജ് ഉൾപ്പെടെയാണെങ്കിൽ 18.99 റിയാൽ മുതൽ യാത്ര ചെയ്യാം. ഇന്ധനവില വർധനവും വിപണിയിലെ മാറ്റങ്ങളും വിമാനക്കമ്പനികളെ ബാധിക്കുമെങ്കിലും, പൗരന്മാർക്കും വിനോദസഞ്ചാരികൾക്കും കുറഞ്ഞ ചെലവിൽ യാത്ര ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. പുതിയ പരിഷ്കരണം ഖരീഫ് സീസണിലെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The post ഖരീഫ് സീസണിൽ സലാലയിലേക്ക് കുറഞ്ഞ ചെലവിൽ പറക്കാം; വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിച്ചു appeared first on Express Kerala.









