
അമേരിക്കൻ പ്രതിനിധികൾക്കായി കാത്തുനിൽക്കാതെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും ഇസ്‌ലാമാബാദ് വിട്ടു. ഇതോടെ പാകിസ്ഥാൻ മധ്യസ്ഥതയിൽ നടക്കേണ്ടിയിരുന്ന നിർണ്ണായക ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി. ഇറാൻ സംഘം മടങ്ങിയതിന് പിന്നാലെ അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്‌നർ എന്നിവരുടെ പാകിസ്ഥാൻ യാത്ര റദ്ദാക്കിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സൈനിക മേധാവി അസിം മുനീറുമായും ചർച്ചകൾ പൂർത്തിയാക്കിയാണ് ഇറാൻ സംഘം മസ്‌ക്കറ്റിലേക്ക് തിരിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ ഇവർ പാകിസ്താനെ അറിയിച്ചിട്ടുണ്ട്. ഇറാൻ ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് തന്റെ പ്രതിനിധികളുടെ യാത്ര റദ്ദാക്കിയതെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ്ഹൗസ് നേരത്തെ ഇവർ പാകിസ്ഥാനിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നു.
ഇസ്‌ലാമാബാദിൽ കനത്ത സുരക്ഷയും ലോക്ക്ഡൗണും ഏർപ്പെടുത്തി ഒരാഴ്ചയായി പാകിസ്ഥാൻ ചർച്ചയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിവരികയായിരുന്നു. എന്നാൽ നേരിട്ടുള്ള ചർച്ചയിൽ നിന്ന് ഇറാൻ പിൻവാങ്ങിയത് തിരിച്ചടിയായി. ഇറാൻ സംഘം ഒമാൻ സന്ദർശനത്തിന് ശേഷം റഷ്യയിലേക്ക് പോകുമെന്നാണ് വിവരം. ഇവർ വീണ്ടും പാകിസ്ഥാനിലേക്ക് എത്തിയേക്കുമെന്ന് സൂചനകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
The post ഇറാൻ-അമേരിക്ക സമാധാന ചർച്ച അനിശ്ചിതത്വത്തിൽ! പാകിസ്ഥാൻ വിട്ട് ഇറാൻ സംഘം, പ്രതിനിധികളുടെ യാത്ര റദ്ദാക്കി ട്രംപ് appeared first on Express Kerala.






