
ന്യൂദല്‍ഹി: ഐപിഎൽ 2026-ൽ അവിശ്വസനീയ കുതിപ്പ് തുടരുന്ന 15-കാരൻ വൈഭവ് സൂര്യവംശി വീണ്ടും ചരിത്രം കുറിച്ചു. ഏപ്രിൽ 28-ന് പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിൽ, ഒരു ഐപിഎൽ സീസണിൽ ഏറ്റവും വേഗത്തിൽ 400 റൺസ് തികയ്‌ക്കുന്ന താരമെന്ന റെക്കോർഡാണ് വൈഭവ് സ്വന്തമാക്കിയത്. ആന്ദ്രെ റസൽ, അഭിഷേക് ശർമ്മ തുടങ്ങിയ വമ്പന്മാരെ പിന്നിലാക്കിയാണ് രാജസ്ഥാൻ റോയൽസ് ഓപ്പണറുടെ ഈ നേട്ടം.
വെറും 167 പന്തുകളിൽ നിന്നാണ് വൈഭവ് ഈ സീസണിൽ 400 റൺസ് പിന്നിട്ടത്. പഞ്ചാബ് ഉയർത്തിയ 223 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് വേണ്ടി 16 പന്തിൽ 43 റൺസ് നേടി വൈഭവ് തകർപ്പൻ തുടക്കമാണ് നൽകിയത്. നാലാം ഓവറിൽ വൈഭവ് പുറത്താകുമ്പോഴേക്കും രാജസ്ഥാൻ 51 റൺസ് അടിച്ചുകൂട്ടിയിരുന്നു. വൈഭവിന്റെ ഈ വെടിക്കെട്ട് തുടക്കം നൽകിയ ആത്മവിശ്വാസത്തിൽ 19.2 ഓവറിൽ ലക്ഷ്യം കണ്ട രാജസ്ഥാൻ, ആറ് വിക്കറ്റിന് വിജയം സ്വന്തമാക്കി. പഞ്ചാബ് കിംഗ്സിന്റെ ഈ സീസണിലെ ആദ്യ പരാജയമാണിത്.
നേരിട്ട പന്തുകളുടെ എണ്ണം കണക്കാക്കുമ്പോൾ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 400 റൺസ് ക്ലബ്ബിലെത്തുന്ന താരമായി വൈഭവ് മാറി.
ഒരു സീസണിൽ ഏറ്റവും വേഗത്തിൽ 400 റൺസ് നേടിയവർ (നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ):
1. വൈഭവ് സൂര്യവംശി (2026) – 167 പന്തുകൾ
2. ആന്ദ്രെ റസൽ (2019) – 188 പന്തുകൾ
3. അഭിഷേക് ശർമ്മ (2024) – 195 പന്തുകൾ
4. നിക്കോളാസ് പൂരൻ (2025) – 197 പന്തുകൾ
5. ഗ്ലെൻ മാക്സ്വെൽ (2014) – 200 പന്തുകൾ
ഈ സീസണിൽ 200-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്ന വൈഭവ്, ഈ പ്രകടനത്തോടെ ഓറഞ്ച് ക്യാപ് വീണ്ടും തിരിച്ചുപിടിച്ചു.









