
നെയ്യാറ്റിന്‍കര: ഭാരതത്തിലെ ഏറ്റവും വലിയ കായിക സംഘടനയായ ക്രീഡാഭാരതിയുടെ ക്രീഡാ സെന്റര്‍ ഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമിക്ക് അമരവിളയില്‍ തുടക്കമായി. ഭാരതത്തില്‍ ഉടനീളമായി സെന്ററുകള്‍ ക്രീഡാഭാരതി നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് നിരവധി സെന്ററുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഗ്രാമജില്ലയിലെ അമരവിളയില്‍ പരിശീലന കേന്ദ്രം ആരംഭിച്ചത്.
അമരവിള നീറകത്തലയില്‍ ക്രീഡാഭാരതി ഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാഡമി വാര്‍ഡ് മെംബര്‍ മോഹന്‍കുമാര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പാറശ്ശാല ഖണ്ഡ് സംഘചാലക് ജി.വി.അശോക് കുമാര്‍ അദ്ധ്യക്ഷനായി. വോളിബോള്‍ പരിശീലനത്തിന് മുന്‍ സംസ്ഥാന വോളിബോള്‍ ടീം സെലക്ടറും പരിശീലകനുമായിരുന്ന എന്‍ഐഎസ് കോച്ച് പി.വി പ്രേംനാഥും ചെസ് പരിശീലനം ക്രീഡാഭാരതി സംസ്ഥാന സെക്രട്ടറി ടി.രതീഷും ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കബഡി ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.വി സച്ചിന്‍, എസ്.സുധീര്‍, ബി.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന സെന്ററില്‍ മികച്ച പരിശീലകരുടെ നേതൃത്വത്തില്‍ വിവിധ ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ കായിക ഇനങ്ങള്‍ പ്രായഭേദമന്യേ
പരിശീലിക്കാം.
‘ആരോഗ്യമുള്ള ജനത രാഷ്‌ട്രത്തിന്റെ സമ്പത്ത്’ എന്ന ലക്ഷ്യത്തില്‍ ഭാരതത്തിന്റെ എല്ലാ ജനങ്ങളുടെയും ആരോഗ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ക്രീഡഭാരതിയുടെ പ്രവര്‍ത്തന ലക്ഷ്യം. 2036 ഒളിമ്പിക്‌സ് ലക്ഷ്യം വച്ച് രാജ്യത്തിനു മെഡലുകള്‍ നേടുവാന്‍ കായിക തരങ്ങള്‍ക്ക് ശരിയായ ദിശാ ബോധവും പരിശീലനവും നല്‍കുന്നതോടൊപ്പം കായിക പരിശീലകര്‍ക്ക് വേണ്ടിയുള്ള പരിശീലനവും ക്രീഡാഭാരതി നല്‍കുന്നു. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഉള്ള ക്ലബ്ബുകള്‍ക്ക് ക്രീഡാഭാരതിയുടെ ക്ലബ് അംഗത്വം നല്‍കുകയും കായിക പ്രവര്‍ത്തനളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന രാസലഹരി ഉപയോഗത്തിനും അച്ചടക്കരാഹിത്യത്തിനും മാറ്റം വരുത്താന്‍ കായികലഹരിയിലൂടെ പരിഹാരം കാണുകയാണ് ക്രീഡാഭാരതി.
ഇതിനായി കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും കായിക പരിശീലനം എത്തിച്ച് ജനങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ തുടക്കമാണ് അമരവിളയിലെ സെന്റര്‍. 1991 ല്‍ പൂനെ കേന്ദ്രമാക്കി ആരംഭിച്ച ക്രീഡാഭാരതിയുടെ കേരളത്തിലെ മുഖ്യ കാര്യാലയം എറണാകുളം ജില്ലയിലെ ലക്ഷ്മിഭായി ടവര്‍ കേന്ദ്രികരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ കോളേജ് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് പരീക്ഷ നടത്തുന്നതിലൂടെ കുട്ടികളില്‍ സ്‌പോര്‍ട്‌സിനെ കുറിച്ച് കൂടുതല്‍ അറിവ് പകരുവാന്‍ പ്രസ്ഥാനം പ്രത്യേക ശ്രദ്ധ നല്‍കുന്നു. നാഷണല്‍ ഗെയിംസ് ഉള്‍പെടുത്തിയിട്ടുള്ള ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ തനതായ കായിക ഇനങ്ങളേയും ക്രീഡഭാരതി ജനങ്ങളില്‍ എത്തിക്കുന്നു.









