
രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ആഗോളതലത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉഭയകക്ഷി ബന്ധങ്ങൾ സ്ഥിരപ്പെടുത്തുന്നതിനും സാമ്പത്തിക പിരിമുറുക്കങ്ങൾ ശമിപ്പിക്കുന്നതിനുമായി ചൈനയിൽ രണ്ട് ദിവസത്തെ ഉന്നതതല ഉച്ചകോടി നടക്കുകയുണ്ടായി. ഒമ്പത് വർഷത്തിനു ശേഷമുള്ള തന്റെ ആദ്യ ചൈന സന്ദർശന വേളയിൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. ഈ ചരിത്രപരമായ ചർച്ചയുടെ ഉദ്ഘാടന പ്രസംഗത്തിൽ, ഷി ജിൻപിംഗ് ട്രംപിന് നൽകിയ ഒരു പ്രധാന സന്ദേശം ആഗോള ശ്രദ്ധ നേടി. അമേരിക്ക “തുസ്സിഡിഡീസ് കെണിയെ മറികടക്കണം” എന്നതായിരുന്നു അത്.
അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞനായ ഗ്രഹാം ആലിസൺ 2012-ൽ ജനപ്രിയമാക്കിയ ഒരു പദമാണ് ചൈനീസ് പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ ഉപയോഗിച്ചത്. പുരാതന ഗ്രീക്ക് ചരിത്രകാരനായ തുസ്സിഡിഡീസിന്റെ രചനകളെ പരാമർശിച്ചുകൊണ്ടായിരുന്നു ഈ പ്രയോഗം. പുരാതന നഗര സംസ്ഥാനങ്ങളായ ഏഥൻസും സ്പാർട്ടയും തമ്മിൽ ഗ്രീസിന്റെ പ്രധാന ഭൂപ്രദേശത്തിനുമേലുള്ള ആധിപത്യത്തിനായി 2,400 വർഷങ്ങൾക്ക് മുമ്പ് നടന്ന ‘പെലോപ്പൊന്നേഷ്യൻ യുദ്ധത്തെ’ അടിസ്ഥാനമാക്കിയാണ് ഈ സിദ്ധാന്തം രൂപപ്പെടുത്തിയത്.
ആഗോള രാഷ്ട്രീയത്തിൽ ഒരു വളർന്നുവരുന്ന ശക്തി, നിലവിലുള്ള ഒരു വൻശക്തിയെ അന്താരാഷ്ട്ര തലത്തിൽ സ്ഥാനഭ്രഷ്ടനാക്കാൻ ഭീഷണിപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന യുദ്ധത്തിലേക്കുള്ള സ്വാഭാവിക പ്രവണതയെയാണ് ‘തുസ്സിഡിഡീസ് കെണി’ എന്ന് വിളിക്കുന്നത്. ഏഥൻസിന്റെ നേതൃത്വത്തിലുള്ള ഡെലിയൻ ലീഗും സ്പാർട്ടയുടെ നേതൃത്വത്തിലുള്ള പെലോപ്പൊന്നേഷ്യൻ ലീഗും തമ്മിൽ നടന്ന വിനാശകരമായ സംഘർഷം 27 വർഷത്തോളമാണ് നീണ്ടുനിന്നത്. ഒടുവിൽ ഈ യുദ്ധം രണ്ട് വൻശക്തികളെയും ഒരുപോലെ തളർത്തുകയും ക്ലാസിക്കൽ ഗ്രീസിന്റെ സുവർണ്ണകാലത്തിന് അന്ത്യം കുറിക്കുകയും ചെയ്തു.
ബിസി 480-ൽ പേർഷ്യൻ അധിനിവേശത്തെ ചെറുത്തതിന് ശേഷം ഏഥൻസും സ്പാർട്ടയും ഗ്രീക്ക് ലോകത്തിലെ രണ്ട് പ്രബല ശക്തികളായി മാറിയിരുന്നു. ഇതിൽ സമ്പത്തും വാണിജ്യ സാമ്രാജ്യവും അതിവേഗം വികസിപ്പിച്ചെടുത്ത ഏഥൻസിന്റെ വളർച്ച നിലവിലുണ്ടായിരുന്ന അധികാര സന്തുലിതാവസ്ഥയെ തകപ്പിച്ചു. “ഏഥൻസിന്റെ ശക്തിയുടെ വളർച്ചയും, അത് സ്പാർട്ടയിൽ ഉണർത്തിയ ആശങ്കയുമാണ് യുദ്ധം അനിവാര്യമാക്കിയത്” എന്ന് തുസ്സിഡിഡീസ് തന്റെ ചരിത്രരേഖകളിൽ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്.
ഈ പുരാതന ചരിത്രത്തെ ആധുനിക അന്താരാഷ്ട്ര ബന്ധങ്ങളിലെ അപകടകരമായ ഒരു രീതി വിവരിക്കാനാണ് ഹാർവാർഡിലെ ബെൽഫർ സെന്റർ ഗവേഷണത്തിലൂടെ ഗ്രഹാം ആലിസൺ ഉപയോഗിച്ചത്. കഴിഞ്ഞ 500 വർഷത്തിനിടയിൽ ഉയർന്നുവരുന്ന ഒരു ശക്തി ഭരണകക്ഷിയെ വെല്ലുവിളിച്ച 16 ചരിത്ര കേസുകൾ അദ്ദേഹം പരിശോധിക്കുകയുണ്ടായി. ഈ 16 സാഹചര്യങ്ങളിൽ 12 എണ്ണത്തിലും പരിണതഫലം വിനാശകരമായ യുദ്ധമായിരുന്നു എന്ന് അദ്ദേഹം കണ്ടെത്തുകയും ചെയ്തു.
Also Read; വെള്ളി ഒഴുകിയ നദിയിൽ നിന്ന് ഫുട്ബോളിന്റെ കളിത്തട്ടിലേക്ക്; അർജന്റീനയ്ക്ക് ആ പേര് ലഭിച്ച കഥ!
എന്നിരുന്നാലും, ഉയർന്നുവരുന്ന ഒരു ശക്തിക്കും പ്രബലമായ ഒരു ശക്തിക്കും ഇടയിൽ യുദ്ധം അനിവാര്യമാണെന്ന് ഈ സിദ്ധാന്തം നിർബന്ധപൂർവ്വം പറയുന്നില്ല. മറിച്ച്, ലോകക്രമത്തിൽ വലിയ അധികാര പരിവർത്തനങ്ങൾ നടക്കുമ്പോൾ ഇരുപക്ഷത്തും ഉണ്ടാകാൻ സാധ്യതയുള്ള ഘടനാപരമായ സമ്മർദ്ദങ്ങളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്. നിലവിലുള്ള ക്രമം പുനർനിർമ്മിക്കാനുള്ള വളർന്നുവരുന്ന ശക്തിയുടെ ആഗ്രഹവും, തന്റെ ആധിപത്യം നഷ്ടപ്പെടുമോ എന്ന സ്ഥാപിത ശക്തിയുടെ ഭയവുമാണ് ഈ സമ്മർദ്ദത്തിന് കാരണം.
ചൈനയിൽ വെച്ച് ഷി ജിൻപിംഗ് ഈ വിഷയം ഉന്നയിച്ചതിന് പിന്നിലെ ലക്ഷ്യം വ്യക്തമായിരുന്നു. അമേരിക്കയുടെ സാമ്പത്തിക-സൈനിക ശക്തിയോട് കിടപിടിക്കുന്ന രീതിയിൽ ചൈന നാടകീയമായി വളർന്നിട്ടുണ്ടെങ്കിലും, ചൈനയെ ഒരു എതിരാളിയായോ ശത്രുവായോ അമേരിക്ക കാണരുത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പകരം, ഇരുപക്ഷവും ഏറ്റുമുട്ടലിന് വഴിമാറാതെ പങ്കാളിത്തവും, പരസ്പരം തകർക്കുന്ന മത്സരത്തിന് പകരം സഹകരണവും തിരഞ്ഞെടുക്കണമെന്നാണ് ചൈന മുന്നോട്ട് വെക്കുന്ന സന്ദേശം.
ശീതയുദ്ധത്തിനു ശേഷമുള്ള പതിറ്റാണ്ടുകളോളം ആഗോള ധനകാര്യം, സൈനിക ശക്തി, സാങ്കേതികവിദ്യ എന്നിവയിൽ അമേരിക്ക തർക്കമില്ലാത്ത സൂപ്പർ പവറായി തുടർന്നിരുന്നു. എന്നാൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ചൈന കൈവരിച്ച നാടകീയമായ സാമ്പത്തിക മുന്നേറ്റം ആഗോള തലത്തിൽ പുതിയൊരു സന്തുലിതാവസ്ഥ സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ, പുരാതന ഏഥൻസും സ്പാർട്ടയും തമ്മിലുള്ള സമാനതകൾ ഇന്നത്തെ അണേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ പല വിശകലന വിദഗ്ധരും ദർശിക്കുന്നുണ്ട്.
ചൈന തങ്ങളുടെ സാങ്കേതിക അഭിലാഷങ്ങൾ ആഴത്തിലാക്കുകയും, ‘ബെൽറ്റ് ആൻഡ് റോഡ്’ പോലുള്ള സംരംഭങ്ങളിലൂടെ ആഗോള അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നുണ്ട്. കൃത്രിമബുദ്ധി, അർദ്ധചാലകങ്ങൾ, വ്യാപാരം എന്നീ മേഖലകളിൽ കൈവരിച്ച ഈ നേട്ടങ്ങൾ ഒരു ആഗോള ശക്തി എന്ന നിലയിൽ ചൈനയുടെ സ്വാഭാവികമായ വളർച്ചയുടെ ഭാഗമാണ്. എന്നാൽ ഈ ദ്രുതഗതിയിലുള്ള വളർച്ച അമേരിക്കയിൽ അനാവശ്യമായ ഉത്കണ്ഠയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ചൈനയുടെ സ്വാഭാവികമായ വികസനത്തെ ഒരു വെല്ലുവിളിയായി കണ്ടുകൊണ്ട് തുടർച്ചയായ യുഎസ് ഭരണകൂടങ്ങൾ ചൈനയ്ക്ക് മേൽ താരിഫുകൾ ചുമത്തുകയും, സാങ്കേതിക നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തു വരുന്നു. ഏഷ്യയിലെ സൈനിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെയും ബീജിംഗിൽ നിന്നുള്ള വിതരണ ശൃംഖലകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നതിലൂടെയും തങ്ങളുടെ ദീർഘകാല തന്ത്രപരമായ ആധിപത്യം നഷ്ടപ്പെടുമോ എന്ന അമേരിക്കയുടെ ഭയമാണ് ഇവിടെ പ്രതിഫലിക്കുന്നത്.
എന്നാൽ ആധുനിക ലോകം പുരാതന ഗ്രീസിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എന്ന് വലിയൊരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ അമേരിക്കയും ചൈനയും സാമ്പത്തികമായി ആഴത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രാജ്യങ്ങളാണ്. കൂടാതെ ഇരുരാജ്യങ്ങളും ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്നതിനാലും, ആഗോളവൽക്കരിക്കപ്പെട്ട ഒരു അന്താരാഷ്ട്ര സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്നതിനാലും നേരിട്ടുള്ള സൈനിക സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷത്തിനും ശക്തമായ പ്രേരണകളുണ്ട്.
ചൈനയെ ഒരു ഭീഷണിയായോ ശത്രുവായോ കാണുന്ന പഴയ ചിന്താഗതി അമേരിക്ക ഉപേക്ഷിക്കണമെന്നാണ് ഷി ജിൻപിംഗ് വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ശക്തികൾ തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ മാതൃക രൂപപ്പെടുത്താൻ ഇരുരാജ്യങ്ങൾക്കും സാധിക്കും. ചൈനയെ ഒരു ശത്രുവായി കാണുന്നതിനുപകരം, ആഗോള സ്ഥിരതയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഒരു തുല്യശക്തിയായി അമേരിക്ക ചൈനയെ അംഗീകരിക്കണം എന്നതുതന്നെയാണ് ഈ സന്ദർശനത്തിന്റെ കാതൽ.
The post അമേരിക്കൻ ആധിപത്യത്തിന് ചൈനയുടെ പൂട്ട്! എന്താണ് ഷി ജിൻപിങ് പറഞ്ഞ ‘തുസ്സിഡിഡീസ് കെണി’? appeared first on Express Kerala.









