മനാമ: രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അക്കാദമിക മേഖലയിലും ഉദ്യോഗരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. മൻമോഹൻസിംഗിന് പ്രവാസി വെൽഫെയറിൻ്റെ ആദരാഞ്ജലികൾ.
1991 ലെ നരസിംഹറാവു ഗവണ്മെന്റിൽ ധനകാര്യ മന്ത്രിയായും 2004 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായുമുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശം തീർത്തും അപ്രതീക്ഷിതമായിരുന്നു. 2016 നവംബർ 8 ന് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ മുഴുവൻ നോക്കുകുത്തിയാക്കി നോട്ട് നിരോധനം നടപ്പിലാക്കിയപ്പോൾ അതിനോട് ചുരുങ്ങിയ വാക്കുകളിൽ, എന്നാൽ ഏറ്റവും പ്രഹരശേഷിയുള്ള വാക്കുകളാൽ പാർലമെന്റിൽ പ്രതികരിച്ച ഡോ. മൻമോഹൻ സിംഗിനെ രാജ്യം മറക്കാനിടയില്ല. മൃദുഭാഷിയായ അദ്ദേഹം എക്കാലത്തും മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിക്കുകയും തന്റേതായ ഭരണ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം രാജ്യത്തെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയായിരിക്കും.
ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ പ്രവാസി വെൽഫെയർ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും പ്രവാസി വെൽഫെയർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു