മനാമ : അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും,കോൺഗ്രസ് നേതാവുമായിരുന്ന മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
രാജ്യത്തിനും, കോൺഗ്രസിനും വലിയ നഷ്ട്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ഇന്ത്യൻ റിസർവ്വ് ബാങ്ക് ഗവർണർ അടക്കമുള്ള സുപ്രധാന സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം മികച്ച സാമ്പത്തിക വിധക്തനും, ഭരണാധികാരിയുമായിരുന്നു. ഇന്ത്യ ഇന്ന് കൈവരിച്ച സാമ്പത്തിക ഭദ്രതക്ക് ഉള്ള അടിത്തറ പാകിയത് അദ്ദേഹം ആയിരുന്നു. ധനകാര്യ മന്ത്രി ആയും പ്രധാനമന്ത്രി ആയും അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിന് വേഗത കൂട്ടി.
അദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യയെ അതിൽ നിന്ന് പിടിച്ചു നിർത്തിയത് അദ്ദേഹം സ്വീകരിച്ച സാമ്പത്തിക നയങ്ങൾ ആയിരുന്നു. ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ലോകത്തിനു തന്നെ മാതൃക ആയിരുന്നു. ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴും ലളിത ജീവിതം നയിച്ച വ്യക്തിത്വത്തിനു ഉടമ കൂടിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷ നിയമം, വിവരാവകാശ നിയമം, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി, 72000 കോടിയുടെ കാർഷിക കടം എഴുതി തള്ളിയതടക്കം അദ്ദേഹത്തിന്റെ കാലത്ത് നടപ്പാക്കിയ കാര്യങ്ങളിൽ ചിലതാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഉണ്ടായ വിടവ് വളരെ വലുത് ആണ് എന്നും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ എക്സികുട്ടീവ് അഭിപ്രായപ്പെട്ടു.