മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈന്റെ വാർഷിക പൊതുയോഗവും 2025 വർഷത്തേക്കുള്ള സംഘടനാ തെരഞ്ഞെടുപ്പും നടന്നു. ഗുദൈബിയയിലെ ചായക്കട റെസ്റ്റോറന്റിൽ നടന്ന വാർഷിക പൊതുയോഗത്തിൽ രക്ഷാധികാരി ഷബീർ മാഹി അധ്യക്ഷനായി. ഹോപ്പ് സെക്രട്ടറി ജോഷി നെടുവേലിൽ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫുഡ് കിറ്റുകൾ, ഗൾഫ് കിറ്റുകൾ, ഭക്ഷണം, എയർ ടിക്കറ്റ്, യാത്രാസഹായം, ഹോസ്പിറ്റൽ ശുശ്രൂഷകൾ, മരുന്ന്, ചികിത്സാ സഹായം തുടങ്ങി വിവിധ മേഖലകളിലൂടെ ആയിരത്തിലധികം അർഹതപ്പെട്ടവർക്ക് സഹായമെത്തിക്കാൻ സാധിച്ചതായി സെക്രട്ടറി വിശദമായ റിപ്പോർട്ടിലൂടെ അറിയിച്ചു. ട്രെഷറർ അൻസാർ മുഹമ്മദ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് രക്ഷാധികാരി ഷബീർ മാഹി വരണാധികാരിയായി പുതിയ വർഷത്തേക്കുള്ള കമ്മറ്റി തെരെഞ്ഞെടുപ്പ് നടന്നു.ഹോപ്പിന്റെ 2025 വർഷത്തെ ഭാരവാഹികളായി ഷിബു പത്തനംതിട്ട (പ്രസിഡൻറ്), ജയേഷ് കുറുപ്പ് (സെക്രട്ടറി), താലിബ് ജാഫർ (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. മുഹമ്മദ് റഫീഖ് (വൈസ് പ്രസിഡൻറ്), ഷാജി എളമ്പിലായി (ജോയിൻ സെക്രട്ടറി), ജോഷി നെടുവേലിൽ (മീഡിയ കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌കർ പൂഴിത്തല, മുജീബ് റഹ്മാൻ, മനോജ് സാംബൻ, നിസാർ മാഹി, ഷിജു സി.പി, ഫൈസൽ പട്ടാണ്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗിരീഷ് കുമാർ ജി സ്വാഗതം പറഞ്ഞ യോഗത്തിന് താലിബ് ജാഫർ നന്ദി പറഞ്ഞു. ഹോപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്ക് 3433 8436 (ഷിബു പത്തനംതിട്ട), 3988 9317 (ജയേഷ് കുറുപ്പ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.