തിരൂര്‍: ഓരോ കുടുംബത്തിന്റേയും സര്‍വതോന്‍മുഖ വികസനത്തിലൂടെയുള്ള വികസിത ഭാരതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഇനിയുള്ള കാലഘട്ടം സയന്‍സിന്റെതാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇവിടെ രാഷ്‌ട്രീയം മാത്രം വികസിച്ചാല്‍ പോരാ. വ്യവസായവും ജുഡീഷ്യറിയും തുടങ്ങി എല്ലാത്തിലും ഒരുപോലെ സമഗ്ര വികസനം ഉണ്ടാവണം. കുടുംബത്തിന്റെയോ ധനശക്തിയുടേയോ പിന്തുണയോടെ മാത്രമേ നേതാവാകാന്‍ സാധിക്കൂ എന്ന ചിന്ത ഭാരതീയമല്ല.
ഭാരതീയ മൂല്യങ്ങളെ തിരസ്‌ക്കരിക്കുന്നവര്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാഷ്‌ട്രത്തെ സംബന്ധിച്ച് വലിയ വികസന പദ്ധതിയാണ് പ്രധാനമന്ത്രിക്കുള്ളത്.
സാധാരണ കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് എല്ലാവരേയും ഒരുപോലെ പുഷ്ടിപ്പെടുത്തുന്നതിന്റെ ഭാഗമാണ് അദ്ദേഹം നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍. 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണം, കിസാന്‍ സമ്മാന്‍ തുടങ്ങിയവയൊക്കെ അതിന്റെ ഭാഗമാണ്. വികസിത ഭാരതമെന്ന സ്വപ്‌നത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികസനവും പ്രധാനമാണ്. യുവതലമുറയിലാണ് ആ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് സി.വി. ജയമണി അധ്യക്ഷത വഹിച്ചു. ആര്‍. സഞ്ജയന്‍, ജെ. നന്ദകുമാര്‍, കെ.സി. സുധീര്‍ബാബു, ശ്രീധരന്‍ പുതുമന എന്നിവര്‍ സംസാരിച്ചു.