മനാമ : സംസ്ഥാന ബജറ്റ് സാധാരണ ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളയായ ബജറ്റ് ആണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.
പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കോ കാലങ്ങളായി പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാര നിർദേശങ്ങളോ ഒന്നും തന്നെ ബജറ്റിൽ ഇല്ല. നോർക്ക മുഖേനയോ, മറ്റോ പ്രവാസികൾക്ക് ഗുണകരമാവുന്ന നിലയിലുള്ള ഒരു പദ്ധതിയോ, ക്ഷേമപരമായ കാര്യങ്ങളോ പ്രഖ്യാപിച്ചില്ല. എന്നാൽ പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോക കേരള കേന്ദ്രങ്ങൾ 5 കോടി രൂപ മുടക്കിൽ സ്ഥാപിക്കുമെന്ന ബജറ്റ് നിർദ്ദേശം പ്രഹസനം മാത്രമാണ്. ഇതുകൊണ്ട് എന്ത് ഗുണമാണ് പ്രവാസിക്ക് ലഭിക്കുന്നത് എന്നതിൽ വ്യക്തതയില്ല.
സംസ്ഥാനം പൊതു കടത്തിൽ വലയുമ്പോഴും, ചിലവ് ചുരുക്കലിന് പകരം ഭരിക്കുന്നവർക്ക് ഗുണകരമാവുന്ന നിലയിലുള്ള കാര്യങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോവുന്നത്. അതെ സമയം സാധാരണക്കാർക്ക് ഗുണകരമാവുന്ന ക്ഷേമ പെൻഷൻ പദ്ധതിയിലെ വർദ്ധനവ് അടക്കമുള്ള ഒന്നും തന്നെ ബജറ്റിൽ ഇല്ല.
ഈ ബജറ്റ് സാധാരണക്കാരെ വഞ്ചിക്കുന്ന പൊള്ളയായ ബജറ്റ് മാത്രമാണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് അഭിപ്രായപ്പെട്ടു.