മനാമ. ജനങ്ങളിൽ അധിക നികുതി ഭാരം അടിച്ചേൽപ്പിച്ചു കൊണ്ടുള്ള സംസ്ഥാന ബജറ്റ് ജനക്ഷേമകരമായ ഒരു പദ്ധതിയുമില്ലാത്ത വളരെ നിരാശജനകമായ ബജറ്റ് ആണ് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ പറഞ്ഞു.
പ്രവാസി ക്ഷേമത്തിനായി ഒന്നും ചൂണ്ടികാണിച്ചില്ല എന്നുള്ളത് ഈ ബജറ്റ് ജനവിരുദ്ധമെന്നത് പോലെ തന്നെ പ്രവാസി വിരുദ്ധം കൂടിയാണെന്ന് അടിവരയിടുന്നതാണെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
സാമൂഹിക ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലാതെ ഭൂ നികുതിയടക്കമുള്ള എല്ലാ നികുതികളും വർധിപ്പിച്ചു രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ജനങ്ങളെ കൂടുതൽ കട കെണിയിൽ അകപ്പെടുത്തിയിരിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
മന്ത്രി തന്നെ ബജറ്റിനു മുമ്പ് നൽകിയ സൂചനകൾ കാറ്റിൽ പറത്തി കൊണ്ട് ക്ഷേമ പെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാൻ കഴിയാതിരുന്നത് രണ്ടാം പിണറായി സർക്കാർ സമ്പൂർണ പരാജയമാണെന്ന് സമ്മതിക്കുന്നു.
വില വർദ്ധനവ് കൊണ്ടും അധിക നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങളിലേക്ക് വീണ്ടും അധികമായ നികുതി അടിച്ചേൽപ്പിക്കുന്നത് അങ്ങേയറ്റം പ്രതിഷേതംർഹമാണെന്ന് ഭാരവാഹികൾ പറഞ്ഞു. അത് കൊണ്ട് തന്നെ ഒരർത്ഥത്തിലും ഈ ബജറ്റ്റിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.