മനാമ: കേരള സർക്കാരിന്റെ 2025-26 സാമ്പത്തിക ബജറ്റ് അവതരണത്തിൽ പ്രവാസി മലയാളികളുടെ അടിസ്ഥാന ആവശ്യങ്ങളും പ്രതീക്ഷകളും പരിഗണിക്കപ്പെടാതെ പോയതിൽ പ്രവാസി വെൽഫെയർ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി.
സംസ്ഥാനത്തിന്റെ വിദേശനാണ്യ വരുമാനത്തിന്റെ 21% സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന് വേണ്ടി വെറും 5 കോടി രൂപ മാത്രം വകയിരുത്തിയത് നിരാശജനകമാണ്.
പ്രഖ്യാപിച്ചിരിക്കുന്ന കേരള ടൂർ പ്രോഗ്രാമുകൾ, വീട് വാങ്ങൽ, വാടക പദ്ധതികൾ, മുതിർന്ന പൗരന്മാർക്കുള്ള താമസ സൗകര്യങ്ങൾ എന്നിവയ്ക്ക് വ്യക്തവും പ്രായോഗികവുമായ രൂപരേഖകൾ അവതരിപ്പിച്ചിട്ടില്ല. മാറിവരുന്ന പുതിയ ലോക സാഹചര്യത്തിൽ, തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഒരു സമഗ്ര പുനരധിവാസ പദ്ധതി അത്യാവശ്യമാണ്. കൂടാതെ പ്രവാസികളുടെ പ്രശ്നങ്ങൾ നിരന്തരം നിരീക്ഷിക്കാനും പരിഹരിക്കാനുമുള്ള സ്ഥിരം സംവിധാനവും കുടിയേറ്റ പ്രശ്നങ്ങൾ പഠിക്കാനുള്ള വിദഗ്ധ സമിതിയും അനിവാര്യമാണ്. ഇത്തരം വിഷയങ്ങൾ ഗൗരവമായി കാണാത്ത പ്രവാസി ക്ഷേമത്തിനായി അടിയന്തിര നടപടികൾ വകയിരുത്താത്ത ഈ ബജറ്റ് പ്രഖ്യാപനം പ്രവാസികളോടുള്ള കൊഞ്ഞനം കുത്തലായി മാത്രമേ കാണാൻ കഴിയു എന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സൂചിപ്പിച്ചു.
സംസ്ഥാനത്തെ സാധാരണക്കാരുടെ ജീവിത ഭാരം വർധിപ്പിക്കുന്ന രീതിയിലാണ് ബജറ്റ് രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. പഴയ വാഹനങ്ങൾക്ക് 50 ശതമാനം നികുതി വർധന, വൈദ്യുത വാഹനങ്ങളുടെ സബ്സിഡിക്കുപകരം നികുതി ഉയർത്തൽ, കോടതി ചെലവുകളിലെ വർധന, പെൻഷൻ കുടിശ്ശിക പരിഹരിക്കാനുള്ള നടപടികളുടെ അഭാവം തുടങ്ങിയ വ്യവസ്ഥകൾ സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക വെല്ലുവിളികൾ മറികടക്കാൻ നികുതി പിരിവിനപ്പുറത്ത് മറ്റ് സമഗ്രവും സമ്പൂർണ്ണവുമായ സാമ്പത്തിക പരിഹാര നിർദ്ദേശങ്ങൾ ഇല്ലാത്തതും ഗൗരവമായ ആശങ്ക ഉണർത്തുന്ന കാര്യമാണ് എന്ന് പ്രവാസി വെൽഫെയർ പറഞ്ഞു.









