മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എഴുത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ പ്രതിഭ സെന്ററിൽ വെച്ച് സംവാദം നടന്നു. രഞ്ജൻ ജോസഫ്, ഫിറോസ് തിരുവത്ര ജലീലിയോ, ഡോ: കൃഷ്ണകുമാർ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. പ്രതിഭ മേഖല വനിതാ വേദി കൺവീനർ സജിത സതീഷ് മോഡറേറ്റർ ആയിരുന്നു. എഴുത്തുകാരന്റെ രഷ്ട്രീയവും എഴുത്തിന്റെ രാഷ്ട്രീയവും രണ്ടായി തന്നെ കാണണമെന്നും എഴുത്തിനെ വിലയിരുത്തേണ്ടത് എഴുത്തുകാരന്റെ രാഷ്ട്രീയം നോക്കിയാവരുതെന്നും പാനൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഒരു കലാസൃഷ്ടി വായനക്കാർ അവരുടെ നിലവാരത്തിനും കാഴ്ചപ്പാടിനും അനുഭവങ്ങൾക്കും അനുസരിച്ച് വ്യത്യസ്തമായിട്ടായിരിക്കും വിലയിരുത്തുന്നത് എന്നും വിലയിരുത്തപ്പെടുകയുണ്ടായി. ഇ എ സലിം, സജീർ, സന്തോഷ് എന്നിവരും സംവാദത്തെ ”സർഗ്ഗ സമ്പുഷ്ടമാക്കി.
മേഖല സാഹിത്യ വേദി കൺവീനർ വത്സരാജ് സ്വാഗതം പറഞ്ഞു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം അനിൽ കെ പി അദ്ധ്യക്ഷനായിരുന്നു. മേഖല സെക്രട്ടറി ബിനു കരുണാകരൻ ആമുഖ ഭാഷണം നടത്തി. വായനക്കാർക്കിടയിൽ മികച്ച രീതിയിൽ പ്രചരിക്കുന്ന ജലീലിലിയോ രചിച്ച റങ്കൂൺ സ്രാപ്പ് എന്ന നോവൽ കവി ഫിറോസ് തിരുവത്ര സദസിനെ പരിചയപ്പെടുത്തി . റങ്കൂൺ സ്രാപ്പിൻ്റെ ഒരു കോപ്പി പ്രതിഭ ലൈബ്രറിക്ക് വേണ്ടി ലൈബ്രറി കമ്മിറ്റി അംഗം അഷ്‌റഫ് എഴുത്തുകാരൻ ജലീലിയോയിൽ നിന്ന് സ്വീകരിച്ചു. 2021 ൽ കോവിഡ് മഹാമാരി തട്ടിയെടുത്ത സഹോദരൻ സോമൻ കുമ്പിൽ രചിച്ച് മരണ ശേഷം പ്രകാശനം ചെയ്ത കവിത സമാഹാരമായ ” കണ്ണീർക്കണം” ത്തിലെ ഒരു കവിത വത്സരാജ് ആലപിച്ചു. ‘ കവിത സമാഹാരത്തിന്റെ കോപ്പി പ്രതിഭ ലൈബ്രറിക്ക് കൈമാറി. മേഖല സാഹിത്യ വേദി അംഗം അഷ്‌റഫ് നന്ദി പറഞ്ഞു.