മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന “തണലാണ് കുടുംബം” എന്ന ക്യാംപയിനിന്റെ ഭാഗമായി റിഫ ഏരിയ ദാറുൽ ഈമാൻ മദ്രസയുമായി സഹകരിച്ച് സ്നേഹസംഗമം സംഘടിപ്പിച്ചു. ദിശ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രെസിഡന്റ് ജമാൽ നദ്‌വി ജമാൽ നദ്‌വി “കുടുംബത്തോടൊപ്പം റമദാനെ വരവേൽക്കാം” എന്ന വിഷയത്തിൽ പ്രസംഗിച്ചു. നവ ലിബറലിസവും നിരീശ്വര, നിർമത വാദങ്ങളും കുടുംബസംവിധാനത്തെ ശിഥിലമാക്കികൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശാന്തിയുടെയും സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഇടങ്ങളാവേണ്ട വീടകങ്ങൾ ഇന്ന് അരക്ഷിതാവസ്ഥയുടെയും അരാചകത്തിന്റെയും വിളനിലങ്ങളായി മാറിപ്പോയിരിക്കുന്നു. മാതാപിതാക്കളെ പേടിച്ചുകഴിയുന്നമക്കളും, മക്കളെ ഭീതിയോടെ കാണേണ്ടിവരുന്ന മാതാപിതാക്കളും സമൂഹത്തിൽ വര്ധികൊണ്ടിരിക്കുന്നു. കുടുംബാംഗങ്ങളിൽ പരസ്പരമുള്ള സ്നേഹവും വിശ്വാസവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരേ വീട്ടിൽ താമസിക്കുന്നവരാണെങ്കിൽ പോലും അവരുടെ മനസുകൾ ഏറെ അകന്നു പോയിട്ടുണ്ട്. ആസന്നമായ വിശുദ്ധ റമദാൻ അറ്റുപോയ എല്ലാ ബന്ധങ്ങളെയും വിളക്കിച്ചേർക്കാനുള്ളതായിരിക്കണം. പഴയ തലമുറയുടെ റമദാൻ നാളുകൾ ബന്ധങ്ങളെ ചേർത്തുനിർത്തുന്നതായിരുന്നു. വിശുദ്ധഖുർആനിൽ റമദാൻ നിർബന്ധമാക്കിയ സൂക്തങ്ങളിൽ നമുക്ക് സാമൂഹിക ബന്ധങ്ങളുടെയും സംഘടിതജീവിതത്തിന്റെയും പ്രാധാന്യം കാണാൻ കഴിയും. മനസുകളിലുള്ള അപരവിദ്വേഷം തീർത്തും മാറ്റിവെച്ചുകൊണ്ടായിരിക്കണം റമദാനിനെ സ്വീകരിക്കേണ്ടത്. എങ്കിൽ മാത്രമേ ദൈവവുമായി കൂടുതൽ അടുക്കാനും അതിലൂടെ പാരത്രിക മോക്ഷം കൈവരിക്കാനും സാധിക്കുകയുള്ളൂ. വിശുദ്ധഖുർആനിന്റെ ആശയങ്ങളെ അറിയാനും പഠിക്കാനും ജീവിതത്തിലേക്ക് പകർത്താനുമുള്ള മാസം കൂടിയാണ് റമദാൻ. റമദാൻ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനുള്ള ഗൃഹപാഠങ്ങൾ കുടുംബം ഒരുമിച്ചിരുന്നാണ് ഉണ്ടാക്കേണ്ടത്. ഇതിനായുള്ള കൃത്യമായ ആസൂത്രണവും ആക്ഷൻ പ്ലാനുകളും നേരത്തെ തന്നെയുണ്ടാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്റ് മൂസ കെ. ഹസ്ൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയാ സെക്രട്ടറി നജാഹ് സ്വാഗതം പറഞ്ഞു.അബ്ദുൽ ഹഖ്, പി എം അഷറഫ്, അഹ്‌മദ് ത്വാഹ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഏരിയാ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് സമാപന പ്രസംഗം നടത്തി. ഏരിയാ സമിതി അംഗങ്ങളായ ഉബൈസ്, സുഹൈൽ റഫീഖ്, മുസ്തഫ, യൂനുസ്‌രാജ്, ബുഷ്‌റ റഹീം, സോന സക്കരിയ തുടങ്ങിയവർ നേതൃത്വം നൽകി.