മനാമ: അഞ്ചര പതിറ്റാണ്ടുകൾക്ക് ശേഷവും ഗൾഫ് പ്രവാസി കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക വികസന മേഖലകളിൽ സുപ്രധാന പങ്ക് വഹിക്കുന്നു എന്ന് പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. പ്രവാസി വെൽഫെയർ മനാമ സോൺ സംഘടിപ്പിച്ച പ്രവാസം വർത്തമാനവും ഭാവിയും ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹികഘടനയെത്തന്നെ പുരോഗമനപരമായി മാറ്റിമറിക്കാൻ ഗൾഫ് പ്രവാസത്തിലൂടെ മലയാളിക്ക് സാധിച്ചു. കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലെയും പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയ്ക്കുന്നതിൽ പ്രത്യക്ഷമായും പരോക്ഷമായും ഗൾഫ് പ്രവാസത്തിലൂടെ കേരളത്തിന് കഴിഞ്ഞെങ്കിലും ഇതിനു വേണ്ടി ജീവിതം ത്യജിച്ച പ്രവാസി സമൂഹത്തോട് മാറിമാറി വന്ന ജനപ്രതിനിധിസഭകൾ വേണ്ടത്ര നീതിപുലർത്തിയിട്ടില്ല എന്നത് വർത്തമാനകാല അനുഭവ യാഥാർത്ഥ്യമാണ്. അത് കൊണ്ട് പ്രവാസി സമൂഹം പ്രവാസത്തിന് ശേഷമുള്ള അതിജീവന പാഠങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും തങ്ങളുടെ ജീവിതത്തിൽ പുലർത്താൻ കണിശത പുലർത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസ ജീവിതം നയിക്കുന്ന പ്രവാസികൾ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം നിർബന്ധമായും നാളേക്കുള്ള നിക്ഷേപങ്ങൾക്ക് കരുതണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം മുഹമ്മദലി പറഞ്ഞു. സർക്കാറുകൾ പ്രവാസികൾക്ക് നൽകുന്ന സേവനങ്ങളെ മനസ്സിലാക്കുവാനും ക്ഷേമ പെൻഷൻ പോലുള്ള പദ്ധതികളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും നമ്മൾ ശ്രമിക്കേണ്ടതുണ്ട്.
ലോകത്താകമാനമൂള്ള ഇന്ത്യയിലെ പ്രവാസികൾക്കായി ഒരു ദിവസം മാറ്റിവെക്കുന്ന “പ്രവാസി ഭാരതീയ ദിവസ്” കൊണ്ട് പ്രവാസി പ്രശ്നങ്ങൾ പരിഹൃതമാകുമെന്ന് സർക്കാറുകൾ ധരിക്കരുത്. ലോവർ ക്ലാസ്സ്, മിഡിൽ ക്ലാസ്, അർധ വിദഗ്ധ തൊഴിൽ വിഭാഗത്തിൽപ്പെടുന്നവരാണ് പ്രവാസികളിൽ ഭൂരിഭാഗവും എന്നതിനാൽ തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നും അത്യാവശ്യ ചിലവ് കഴിച്ച് ബാക്കി മുഴുവനും നാട്ടിൽ ചിലവഴിക്കാനാണ് അവർ ഉപയോഗിക്കുന്നത്. നാടിൻറെ പുരോഗതിയിൽ നല്ലൊരു പങ്കുവഹിക്കുന്ന പ്രവാസികളുടെ പ്രവാസ ശേഷമുള്ള ഭാവി ജീവിതം സുരക്ഷിതമാക്കാൻ രാജ്യത്തെ ജനാധിപത്യ ഭരണ സംവിധാനങ്ങൾ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ മനാമ സോണൽ സെക്രട്ടറി അസ്‌ലം വേളം അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡണ്ട് അബ്ദുല്ല കുറ്റിയാടി നിയന്ത്രിച്ച സംഗമത്തിന് അനിൽ ആറ്റിങ്ങൽ നന്ദി പറഞ്ഞു.