ഹോപ്പ് ബഹ്‌റൈൻറെ ചികിത്സാ സഹായം ഫൈസൽ പട്ടാണ്ടി കോർഡിനേറ്റർ റെഫീഖ് പൊന്നാനിക്ക് കൈമാറുന്നു.
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി. കണ്ണൂർ അഴീക്കോട് സ്വദേശി അൻസാരിക്കാണ് ഹോപ്പ് സഹായം നൽകിയത്. ജോലി സ്ഥലത്ത് വച്ച് അപകടം സംഭവിച്ചാണ് അദ്ദേഹം സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റായത്. മാസങ്ങൾ നീണ്ട ചികിത്സയ്‌ക്കിടയിൽ പ്രമേഹരോഗിയായ അദ്ദേഹത്തിന്റെ രണ്ട് വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ബഹ്‌റൈനിൽ തുടർന്ന് ജോലി ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അവസ്ഥ മനസിലാക്കി അദ്ദേഹത്തെ സഹായിക്കാൻ ഹോപ്പ് തീരുമാനിക്കുകയായിരുന്നു.
ഹോപ്പ് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക (63,147 രൂപ), ഹോപ്പ് എക്സിക്യൂട്ടീവ് അംഗം ഫൈസൽ പട്ടാണ്ടി കോർഡിനേറ്റർ റഫീഖ് പൊന്നാനിക്ക് കൈമാറി. തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങിയ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ സഹായതുക അയച്ചുനൽകിയതായി ഹോപ്പിന്റെ ഭാരവാഹികൾ അറിയിച്ചു. കൂടാതെ യാത്രാവേളയിൽ രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും ഹോപ്പ് നൽകിയിരുന്നു.