മനാമ: 60 വയസ്സിനു മുകളിലുള്ള പ്രവാസികളെ (എൻ ആർ കെ) കേരള പ്രവാസി ക്ഷേമനിധിയിൽനിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് പ്രവാസി ലീഗൽ പ്രതിനിധികളായ ആറ് മുതിർന്ന പൗരന്മാർ സമർപ്പിച്ച റിട്ട് ഹർജി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിര്കക്ഷികളായ കേരള സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക വകുപ്പിനും കേരളീയ ക്ഷേമനിധി ബോർഡിനും നോട്ടീസ് അയക്കാൻ ഉത്തരവായി. കേസ് മേയ് മാസം 21 -ന് വീണ്ടും പരിഗണിക്കും. 2008 ലെ കേരള പ്രവാസി കേരളീയരുടെ ക്ഷേമ നിയമത്തിലെ സെക്ഷൻ 6 പ്രകാരമുള്ള പ്രായപരിധി ഏകപക്ഷീയവും വിവേചനപരവുമാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 പ്രകാരമുള്ള അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമാണെന്നും ഹർജിക്കാരായ കുഞ്ഞുമാണിക്കൻ കുഞ്ഞുമോൻ, മുഹമ്മദ് സലീം, ശോഭൻലാൽ ബാലകൃഷ്ണൻ, ശ്രീകുമാർ നാരായണൻ, രാജേഷ് കുമാർ, സോമനാഥൻ എന്നിവർ ബോധിപ്പിക്കുന്നു.
62 നും 72 നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാരാണ് ഹർജിക്കാർ. പതിറ്റാണ്ടുകൾ വിദേശത്ത് കഠിനാധ്വാനം ചെയ്യുകയും കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്തിട്ടും ജീവിതത്തിന്റെ സായന്തനകാലത്ത് ചെറിയ തുകപോലും പ്രവാസികൾക്ക് പെൻഷൻ നിഷേധിക്കുന്നത് നീതീകരിക്കാനാവുന്നതല്ല. വിദേശത്തായിരുന്നപ്പോൾ പദ്ധതിയെക്കുറിച്ചുള്ള അവബോധക്കുറവ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിലെ നടപടിക്രങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ 60 വയസ്സ് തികയുന്നതിനുമുമ്പ് ക്ഷേമ പദ്ധതിയിൽ ചേരാൻ കഴിഞ്ഞില്ലെന്ന് ഹർജിക്കാർ പറയുന്നു.
ഒരു ക്ഷേമപദ്ധതിയായ കേരള പ്രവാസി ക്ഷേമനിയമം, 2008 ഭേദഗതിചെയ്ത് പ്രായപരിധിനിബന്ധന നീക്കം ചെയ്യണമെന്നും മടങ്ങിയെത്തിയ മുതിർന്ന പൗരന്മാർക്ക് ഉപാധികളില്ലാതെ പദ്ധതിയിൽ ചേരാൻ അനുവദിക്കണമെന്നും ഒറ്റത്തവണയായോ ഗഡുക്കളായോ വരിസംഖ്യ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 2025 ഫെബ്രുവരി 3 ന് സർക്കാരിന് ഒരു നിവേദനം സമർപ്പിച്ചിരുന്നു. സർക്കാരിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബഹു. കേരള ഹൈക്കോടതിയെ ഹർജിക്കാർ സമീപിക്കുന്നത്.
ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ ജോസ് അബ്രഹാം, മനാസ് പി ഹമീദ്, ആർ. മുരളീധരൻ, വിമൽ വിജയ്, റെബിൻ വിൻസന്റ് എന്നിവർ കോടതിയിൽ ഹാജരായി.