മനാമ: ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായ വോയ്‌സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹി ഹാളിൽ നടന്ന സമൂഹ നോമ്പുതുറയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളോടൊപ്പം വോയ്‌സ് ഓഫ് ആലപ്പി കുടുംബാംഗങ്ങളും, അതിഥികളായി എത്തിച്ചേർന്ന ലേബർ ക്യാമ്പിലെ അമ്പതോളം തോഴിലാളികളും പങ്കെടുത്തു.
അറുനൂറിൽ പരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം അധ്യക്ഷനായിരുന്നു. സംഘടന രക്ഷാധികാരി സ ഈദ് റമദാൻ നദ്‌വി റമദാൻ സന്ദേശം നൽകി. പൊതു സമൂഹത്തിനു വിപത്തായ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ഈ ഒരു കാലഘട്ടത്തിൽ നോമ്പ് മനുഷ്യന് ആത്മനിയന്ത്രണവും മനുഷ്യന്റെ ഇത്തരം വികാര വിചാരങ്ങൾക്ക് ഉള്ള കടിഞ്ഞാൺ ആണെന്ന് ഇഫ്താർ സന്ദേശത്തിൽ സ ഈദ് റമദാൻ നദ്‌വി പറഞ്ഞു. വ്രതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സഹനവും കാരുണ്യവും ആണെന്നും ഈ ഒത്തുചേരൽ എന്നും നിലനിൽക്കേണ്ടത് ആണെന്നും പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.
മനുഷ്യർ പരസ്പരം പല തലത്തിൽ കലഹിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സൗഹൃദ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നത് വളർന്നു വരുന്ന തലമുറക്ക് ബന്ധങ്ങളുടെ പവിത്രതയും സഹജീവികളോട് എങ്ങനെ കാരുണ്യം കാണിക്കണം എന്നും മനസിലാക്കാൻ ഉപകരിക്കുന്നത് ആണെന്ന് സ്വാഗത പ്രസംഗത്തിൽ സംഘടന സെക്രട്ടറി ധനേഷ് മുരളി പറഞ്ഞു. നിരവധി സാമൂഹിക സംഘടന നേതാക്കൾ പങ്കെടുത്തിരുന്നു. വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗം ബിജു കെ കെ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നാടൻ ഭക്ഷണം ആയിരുന്നു ചടങ്ങിൽ വിളമ്പിയത്.
ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്,ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജ പാണ്ട്യൻ,വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികൾ ആയ സോമൻ ബേബി, ഡോ. പിവി ചെറിയാൻ, കെ ആർ നായർ, അനിൽ യു കെ, ഇഫ്താർ കമ്മറ്റി കൺവീനർ അനസ് റഹീം, വനിതാ വിംഗ് ചീഫ് കോർഡിനേറ്റർ രശ്മി അനുപ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ട്രഷറർ ബോണി മുളപ്പാമ്പള്ളിൽ നന്ദി പറഞ്ഞു.