മനാമ: ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ സൗഹൃദ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്ത പരിപാടിയിൽ കേന്ദ്ര വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സന്ദേശം നൽകി സംസാരിച്ചു. മനുഷ്യർക്ക് ഉൾവെളിച്ചം നൽകുന്ന ആരാധനയാണ് വ്രതം എന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യൻ നല്ല മനുഷ്യനാവുന്നത് ഈ ഉൾവെളിച്ചം കൊണ്ടാണ്. ശരിയായ ജീവിത കാഴ്ചപ്പാടുകൾ അതിലൂടെ കണ്ടെത്താൻ സാധിക്കുന്നു. റമദാനിന്റെ പവിത്രതക്ക് കാരണം ഖുർആൻ അവതരണം ഈ മാസത്തിൽ ആരംഭിച്ചു എന്നതാണ്. മുഴുവൻ മാനവരാശിയുടെയും സന്മാർഗവും നന്മയുമാണ് ഖുർആനിന്റെ അവതരണ ലക്ഷ്യമായി ദൈവം പറയുന്നത്. മനുഷ്യ സമത്വവും നീതിബോധവും ആണ് ഖുർആൻ മുന്നോട്ട് വെക്കുന്നത്. എല്ലാ ആരാധനകളും മനുഷ്യരെ ദൈവവുമായും സംസൃഷിടികളുമായും ചേർന്ന് നിൽക്കാൻ പ്രാരപ്തനാക്കുന്നു. ആരാധനകളിലൂടെ മഹിതമായ മാനവിക ഗുണങ്ങളാണ് ഓരോ വിശ്വാസിയും സ്വായത്തമാക്കുന്നത്. എല്ലാവരെയും സ്നേഹിക്കാനും ചേർത്തുനിർത്താനുമാണ് വ്രതം മനുഷ്യനെ പ്രചോദിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.