മനാമ : പ്രവാസികൾക്കും കുടുംബങ്ങൾക്കും പ്രയാസങ്ങളിൽ സഹായഹസ്തമൊരുക്കി ഐ.സി.എഫ് ബഹ്റൈൻ ആവിഷ്കരിച്ച പ്രവാസി സുരക്ഷാ നിധി പദ്ധതി യിൽ അംഗത്വം പുതുക്കുന്നതിനും പുതുതായി അംഗത്വമെടുക്കുന്നതിനുമായി ഏപ്രിൽ 30 വരെ നീണ്ടു നിൽക്കുന്ന കാമ്പയിന് നാളെ തുടക്കമാവും.
ബഹ്റൈൻ ഐ.സി.എഫിന്റെ ജീവ കാരുണ്യ മേഖലയിലെ ശ്രദ്ധേയമായ പദ്ധതിയാണ് പ്രവാസി സുരക്ഷാ നിധി. നിധിയിൽ അംഗമായിരിക്കേ ഗുരുതര അസുഖങ്ങൾ പിടിപെടുകയോ പെട്ടെന്നുള്ള അപകടങ്ങൾ സംഭവിക്കുകയോ ചെയ്‌താൽ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ വരെ സഹായ ധനമായും, അംഗങ്ങളിൽ ആരെങ്കിലും ആത്മഹത്യയിലൂടെയല്ലാതെ മരണമടഞ്ഞാൽ അവരുടെ കുടുംബത്തിന് നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ വരെ ധന സഹായവും നൽകി വരുന്നു. 2006 ൽ തുടക്കം കുറിച്ച ഈ പരസ്‌പര സഹായ പദ്ധതിയിൽ നിലവിൽ രണ്ടായിരത്തോളം പേർ അംഗങ്ങളായിട്ടുണ്ട്.
സാന്ത്വന പ്രവർത്തന രംഗത്ത് വൈവിധ്യമാർന്ന പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ഐ.സി.എഫ് “പ്രവാസത്തിൻ്റെ അഭയമാകുക” എന്ന ലക്ഷ്യം സാക്ഷാൽകരിക്കപ്പെടുകയാണ്. കാമ്പയിൻ കാല പ്രവർത്തനങ്ങൾക്ക് ഐ.സി.എഫ് സോഷ്യൽ സർവീസ് ഡയറക്ടറേറ്റ് അന്തിമ രൂപം നൽകി. പ്രവാസി സുരക്ഷാ നിധിയി ൽ അംഗത്വമെടുക്കുന്നതിനും മറ്റ് വിശദ വിവരങ്ങൾക്കും 3362 5767, 39451495 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.