400+ മത്സരങ്ങളിലായി 350-ലധികം കളിക്കാർ മത്സരിക്കും
മനാമ: ഇന്ത്യൻ സ്കൂൾ സംഘടിപ്പിക്കുന്ന ഓപ്പൺ ജൂനിയർ ആൻഡ് സീനിയർ ബാഡ്മിന്റൺ ടൂർണമെന്റിന് ഇന്ന് (മെയ് 6 ) തുടക്കമാകും. ഇതിനകം 350-ലധികം കളിക്കാർ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 400-ലധികം മത്സരങ്ങൾ മെയ് 6 മുതൽ 10 വരെ ഇസാ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടക്കും. അന്താരാഷ്ട്ര നിലവാരമുള്ള നാല് ബാഡ്മിന്റൺ കോർട്ടുകളിലാണ് മത്സരം നടക്കുക. ഇന്ത്യൻ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മത്സരം രാജ്യത്തെ ഏറ്റവും വലിയ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നായിരിക്കും. നാഷണൽ ട്രേഡിംഗ് ഹൗസാണ് ടൂർണമെന്റിന്റെ സ്പോൺസർ. ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷന്റെ (BBSF) പിന്തുണയോടെ നടക്കുന്ന ഈ മത്സരത്തിൽ ബഹ്റൈനിൽ നിന്നും സൗദി അറേബ്യ, കുവൈറ്റ് ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിഭാധനരായ കളിക്കാർ പങ്കെടുക്കും. മെയ് 6നു ചൊവ്വാഴ്ച വൈകുന്നേരം 5:00 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. അതേ ദിവസം വൈകുന്നേരം 7:30 ന് ഒരു ഹൃസ്വമായ ഉദ്ഘാടന ചടങ്ങും നടക്കും. നാല് അത്യാധുനിക കോർട്ടുകളിലായി മത്സരങ്ങൾ അരങ്ങേറും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സിംഗിൾസ്, ഡബിൾസ് (U9 മുതൽ U19 വരെ), പുരുഷ ഡബിൾസ് (എലൈറ്റ്, ചാമ്പ്യൻഷിപ്പ്, F1–F5), വനിതാ ഡബിൾസ് (ലെവലുകൾ 1 & 2), മിക്സഡ് ഡബിൾസ് (ലെവലുകൾ C, 1 & 2) എന്നിവ വിഭാഗങ്ങളിൽ മത്സരം നടക്കും. എല്ലാ മത്സരങ്ങളും നോക്കൗട്ട് ഫോർമാറ്റിലായിരിക്കും. BWF നിയമങ്ങൾ കർശനമായി പാലിക്കുകയും യോഗ്യതയുള്ള അമ്പയർമാർ കളി നിയന്ത്രിക്കുകയും ചെയ്യും. വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനിക്കും . കൂടാതെ എല്ലാ മത്സരാർത്ഥികൾക്കും അവരുടെ പങ്കാളിത്തത്തിന് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകും . സ്‌കൂൾ വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ടൂർണമെന്റ് ഡയറക്ടർ ബിനു പാപ്പച്ചൻ, ടൂർണമെന്റ് റഫറി ഷനിൽ അബ്ദുൾ റഹീം (ബാഡ്മിന്റൺ ഏഷ്യ), ജനറൽ കൺവീനർ ആദിൽ അഹമ്മദ്, കോർഡിനേറ്റർ ബിനോജ് മാത്യു എന്നിവരുടെനേതൃത്വത്തിലും മുൻ ഭരണ സമിതി അംഗം-സ്‌പോർട്‌സ് രാജേഷ് എംഎൻ എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തോടെയുമാണ് മത്സരം ഒരുക്കുന്നത്. ഇന്ത്യൻ സ്‌കൂളിലെ നവീകരിച്ച സ്‌പോർട്‌സ് സൗകര്യങ്ങൾ ടൂർണമെന്റ് നടത്തുന്നതിന് പൂർണ്ണമായും തയ്യാറായിക്കഴിഞ്ഞു. ജഷൻമാൾ ഓഡിറ്റോറിയത്തിൽ പിവിസി ഇൻഡോർ ഫ്ലോറിംഗുള്ള നാല് കോർട്ടുകൾ ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് , സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ ,പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ എന്നിവർ ബാഡ്മിന്റൺ പ്രേമികളെ ടൂർണമെന്റിൽ പങ്കെടുക്കാനും ഒരു വർഷം നീളുന്ന പ്ലേറ്റിനും ജൂബിലി ആഘോഷങ്ങളിൽ പങ്കാളികളാകാനും ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്, ടൂർണമെന്റ് ഡയറക്ടർ ബിനു പാപ്പച്ചനെ +973 3919 8193 എന്ന നമ്പറിൽ ബന്ധപ്പെടുക.