മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വിവിധ പരിപാടികളോടെ “മെമ്പേഴ്സ് നൈറ്റ്” ആഘോഷിച്ചു. മനാമയിലെ അൽ സൊവൈഫിയ ഗാർഡനിൽ വെള്ളിയാഴ്ച (02/05/2025) നടന്ന പരിപാടിയിൽ നൂറിലധികം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
കിഡ്‌സ് വിംഗിന്റെ മനോഹരമായ സ്വാഗത ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ശ്രീ. വിനീഷ് കേശവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീമതി ഷമീല സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റ് ശ്രീ ഫൈസൽ ആനൊടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് കിഡ്‌സ് വിങ്ങിന്റെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്തവിസ്മയം പരിപാടിക്ക് മാറ്റ് കൂട്ടി.
സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഗയിമുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശഭരിതരാക്കി.
പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിൽ നിന്ന് ഒത്തുചേരാനും സൗഹൃദം പങ്കിടാനും നാട്ടുകാരായ സുഹൃത്തുക്കളെ കാണാനും ഈ പരിപാടി അവസരമൊരുക്കി.
ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിൻ്റെ 2025-27 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങും ഇതോടൊപ്പം നടന്നു. കഴിഞ്ഞ വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ പ്രസ്തുത പരിപാടിയിൽ മെമെന്റോ നൽകി ആദരിച്ചു.
വിഷുവിനോടനുബന്ധിച്ച് കൾച്ചറൽ വിംഗ് സംഘടിപ്പിച്ച വിഷുക്കണി ഫോട്ടോ കോണ്ടെസ്റ്റ് സമ്മാനം, വിജയി ശ്രീമതി ശ്രീജയ് ബിനോക്ക് കൈമാറി. കൂടാതെ ഇടപ്പാളയം ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാർക്കുള്ള പുരസ്കാരങ്ങൾ ശ്രീ സന്ദീപ് ജങ്കിർ, ശ്രീ അനീഷ് എന്നിവർക്ക് നൽകി ആദരിച്ചു.
ശ്രീ. രതീഷ് സുകുമാരൻ, ശ്രീ. രാമചന്ദ്രൻ പോട്ടൂർ എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി. പ്രോഗ്രാം കോർഡിനേറ്റർ കൃതജ്ഞത രേഖപ്പെടുത്തി.
ഈ വിജയകരമായ “മെമ്പേഴ്സ് നൈറ്റ്”, ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിൻ്റെ കൂട്ടായ്മയുടെയും സൗഹൃദത്തിൻ്റെയും മനോഹരമായ പ്രതിഫലനമായിരുന്നു. ഇത് അംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പരസ്പരം പ്രോത്സാഹിപ്പിക്കാനും സഹായിച്ചു.