മനാമ: ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ സമാജം അങ്കണത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളോടെ വായനാദിനം ആചരിച്ചു. പുസ്തകങ്ങളിൽ പിറവിയെടുക്കുന്ന അക്ഷരക്കൂട്ടുകൾ നമ്മുടെ ചിന്തയുടെ കനൽ തെളിയിക്കുന്ന ഉരക്കല്ലുകൾ ആണെന്നും അച്ചടി കണ്ടുപിടിച്ചതാണ് ആധുനിക ലോകത്തിൻ്റെ മുഖച്ഛായ മാറ്റിയതെന്നും സെമിനാറിൽ പ്രബന്ധ അവതരിപ്പിച്ചു കൊണ്ട് പ്രശസ്ത ശാസ്ത്ര സാഹിത്യകാരൻ ഡോ. വേണു തോന്നയ്ക്കൽ പറഞ്ഞു.ഇത്തരം ആഘോഷ പരിപാടികൾ മലയാളികളെ വായനയിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കാൻ സഹായിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സമാജം ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരയ്ക്കൽ അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയുടെ സ്വാധീനം വായനയെ മോശമായി സ്വാധീനിച്ചു എന്ന ആക്ഷേപത്തിൽ കഴമ്പില്ല എന്നും നല്ല പുസ്തകങ്ങൾ ധാരാളമായി അച്ചടിക്കപ്പെടുകയും വിറ്റു പോകുകയും ചെയ്യുന്നതായും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗത പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വായനശാല കൺവീനർ അർജുൻ ഇത്തിക്കാട് സെമിനാറിൽ നന്ദി രേഖപ്പെടുത്തി. കുമാരി പ്രിയംവദ കാര്യപരിപാടികൾ നിയന്ത്രിച്ചു.
സെമിനാറിനോട് അനുബന്ധിച്ച് കുട്ടികളിൽ വായനയെ പരിപോഷിപ്പിക്കുന്നതിലേയ്ക്ക് കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങൾ നടന്നു. മത്സരങ്ങൾ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് സമ്മാന ദാനവും നടക്കുകയുണ്ടായി.