മനാമ. വൈവിധ്യത്തിൽ അധിഷ്ഠിതമായ ബഹുസ്വരതയാണ് ഇന്ത്യൻ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും മുഖമുദ്രയെന്ന് പ്രമുഖ ചരിത്രകാരനും വാഗ്മിയും അധ്യാപകനുമായ പി ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഇന്ത്യയെ ഒരു ആധുനിക മതനിരപേക്ഷ രാഷ്ട്രമാക്കി മാറ്റിയത് ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനമാണ്.
പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും ധർമ്മികവുമായ വിവിധ കൈവഴികളിലൂടെയാണ് ഇന്ത്യയിലെ ദേശീയ പ്രസ്ഥാനം മുന്നേറിയത്. ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന എല്ലാറ്റിനെയും ഉൾകൊള്ളാനുള്ള ശേഷി ഇന്ത്യൻ ജനതയ്ക്ക് സമ്മാനിച്ചു എന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ തങ്കലിപിതമായ മതേതര പാരമ്പര്യവും മതനിരപേക്ഷതയും ഊട്ടി ഉറപ്പിക്കാൻ എല്ലാവർക്കും ബാധ്യത ഉണ്ടെന്നും ആ ബാധ്യത നിലനിർത്താനും പ്രവർത്തിക്കാനും ഓരോ ഇന്ത്യക്കാരനും നീതാന്ത ജാഗ്രത കാണിക്കണമെന്നും ഹരീന്ദ്രനാഥ് പറഞ്ഞു.കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗാന്ധിയൻ മതനിരപേക്ഷത എന്ന വിഷയത്തെ ആസ്‌പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎംസിസി ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകര അധ്യക്ഷനായിരുന്നു.നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ജീവിതാനുഭവങ്ങളെ കുറിച്ച് അഞ്ചര വർഷവും കയ്യിലുള്ളത് മുഴുവൻ ചിലവഴിച്ചും എഴുതിയ
“മഹാത്മാഗാന്ധി കാലവും കർമപർവവും എന്ന പുസ്തകത്തിൽ വിശദമാക്കിയ കാര്യങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞപ്പോൾ തിങ്ങി നിറഞ്ഞ സദസ്സ് സാകൂതം കേട്ടിരുന്നു. ഗാന്ധിജിയെ അറിയാൻ നൂറു കണക്കിന് പുസ്തകങ്ങൾ വായിച്ചു തീർത്താണ് കാലവും കർമപർവ്വവും പൂർത്തിയാക്കിയതെന്ന്
തുഞ്ചത്തെഴുച്ഛൻ ശ്രേഷ്ഠാചാര്യ പുരസ്കാരം ജേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി കാലവും കർമ്മപർവ്വവും എന്ന പുസ്തകം കെഎംസിസി സീനിയർ നേതാവ് കുട്ടൂസ മുണ്ടേരിക്ക് ഹരീന്ദ്രൻ മാഷ് സമർപ്പിച്ചു. ഗാന്ധിയെ കൂടുതൽ അറിയാനും മതേതര ഭാരതത്തെ വർഗീയതയിലേക്ക് നയിക്കാനുള്ള ചിലരുടെ കുൽസിത ശ്രമങ്ങളെ തിരുത്താനും ഈ പുസ്തകം ഒരു നിമിത്തമാകട്ടെ എന്ന് ഹരീന്ദ്രൻ മാഷ് പറഞ്ഞു. അത് കൊണ്ട് തന്നെ എല്ലാവരും ഈ പുസ്തകം വായിക്കണമെന്നും എന്തായിരുന്നു മതേതര ഇന്ത്യ എന്ന് മനസ്സിലാക്കണമെന്നും ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം സമർത്ഥിച്ചു.
കെഎംസിസി ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകര ഹരീന്ദ്രൻ മാഷിന് മൊമെന്റോ നൽകി ആദരിച്ചു. കെഎംസിസി ട്രഷറർ കെ പി മുസ്തഫ അദ്ദേഹത്തെ ഷാൾ അണിയിച്ചു.വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങൽ ഉദ്ഘാടനം ചെയ്തു.
എസ് എസ് എൽ സി, +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ കെഎംസിസി പ്രവർത്തകരുടെ മക്കൾക്കുള്ള ആദരം ഹരീന്ദ്രൻ മാഷ് സമർപ്പിച്ചു.മഠത്തിൽ അബ്ദുള്ള മാസ്റ്റർ പ്രസംഗിച്ചു. കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ് കക്കണ്ടി സ്വാഗതവും ഫൈസൽ കണ്ടിതാഴ നന്ദിയും പറഞ്ഞു.
കെഎംസിസി ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, എ പി ഫൈസൽ, സഹീർ കാട്ടാമ്പള്ളി, അബ്ദുൽ അസീസ് മർസൂക്, ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ് കാട്ടിൽപ്പീടിക, നാസർ എസ് കെ, എന്നിവർ നേതൃത്വം നൽകി.സുരേഷ് മണ്ടോടി , ബാബു കുഞ്ഞിരാമൻ, റഷീദ് മാഹീ എന്നിവർ സന്നിഹിതരായിരുന്നു.