മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ ഭക്ത്യാദരവോടെ ആഘോഷപൂർവ്വം കൊണ്ടാടി. വൈകുന്നേരം 6:30 തിന് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് വി. മൂന്നിന്മേൽ കുർബാനയും നടത്തപ്പെട്ടു. ഇടവക വികാരി വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ വട്ടാവേലിൽ മുഖ്യ കർമികത്വം വഹിച്ചു. റവ. ഫാ. ജാൻസൺ കുറുമറ്റത്തിൽ, റവ. ഫാ. ടിനോ തോമസ് മഠത്തിൽ മണ്ണിൽ എന്നീ വൈദീകർ സഹ കർമികത്വം വഹിച്ചു. ഡീക്കൻ മാത്യൂസ് ചെറിയാൻ ശുശ്രൂഷയിൽ സന്നിഹിതനായിരുന്നു. കൊടികൾ, മുത്തുക്കുടകൾ, പൊൻവെള്ളി കുരിശുകൾ എന്നിവയുടെയും, വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും ദേവാലയം ചുറ്റി വർണാഭമായ പ്രദക്ഷിണം നടന്നു. തുടർന്ന് ആശിർവാദവും, കൊടിയിറക്കും നടത്തി. നേർച്ച വിളമ്പോട് കൂടി ഇടവക പെരുന്നാളിന് സമാപനം കുറിച്ചു. ഇടവക പെരുന്നാളിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾക്ക് വൈസ് പ്രസിഡന്റ് ബെന്നി. പി. മാത്യു, സെക്രട്ടറി മനോഷ് കോര, ട്രഷറർ ജെൻസൺ ജേക്കബ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.