മനാമ. മഹാന്മാരായ ദർശിനികരാണ് മുസ്ലിം ലീഗിന് വിത്തു പാകിയതെന്നും അത് കൊണ്ട് തന്നെ ദർശനങ്ങളുടെ പിൻബലമുള്ള പ്രസ്ഥാനമാണ് മുസ്ലിം ലീഗ് എന്നും മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും ചന്ദ്രിക മുൻ ചീഫ് എഡിറ്ററും പ്രമുഖ പത്ര പ്രവർത്തകനുമായ സി പി സൈദലവി പറഞ്ഞു.
കെഎംസിസി ബഹ്‌റൈൻ രജിസ്റ്റർ ചെയ്ത കൗൺസിലർമാരെ ഉൾപ്പെടുത്തി നടത്തിയ കൗൺസിൽ മീറ്റിൽ സാമൂഹിക നീതിയുടെ സംഘബോധം എന്ന വിഷയത്തെ ആസ്‌പദമാക്കി മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ മീറ്റ് ഉത്ഘാടനം ചെയ്തു.
രണ്ടര മണിക്കൂർ നീണ്ടു നിന്ന സി പി യുടെ പ്രസംഗത്തിൽ മുസ്ലിം ലീഗിന്റെ തുടക്കം മുതൽ ഇതുവരെയുള്ള നാൾ വഴികൾ വരച്ചു കാട്ടി.ഹബീബ് റഹ്മാൻ സി പി സൈദലവിയെ മൊമെന്റോ നൽകി സ്വീകരിച്ചു. കുട്ടൂസ മുണ്ടേരി ഷാൾ അണിയിച്ചു.
എല്ലാ സാംസ്‌കാരിക അധിനിവേശങ്ങളെയും അപരവൽക്കരണങ്ങളെയും മൂല്യധിഷ്ഠിത രാഷ്ട്രീയം കൊണ്ട് നേരിടണമെന്ന് സി പി പ്രവർത്തകരെ ഉൽബോധിപ്പിച്ചു. ന്യൂനപക്ഷ അവകാശങ്ങളെ സംശയ മുനയിൽ നിർത്തി അപരവൽക്കരിക്കുന്ന ഈ കാലത്ത് ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി എപ്പോഴും എവിടെയും വീറോടെ വാദിക്കുന്ന പ്രസ്ഥാനമായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു.കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ അസ്‌ലം വടകര, എ പി ഫൈസൽ, ഷാഫി പറക്കട്ട, സലീം തളങ്കര, എൻ കെ അബ്ദുൽ അസീസ് , അഷ്‌റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ് കാട്ടിൽ പീടിക, എസ് കെ നാസർ നേതൃത്വം നൽകി.
നബീൽ പാലത്ത്, ഹിഷാം അരീക്കോട്, റസീം ഹാറൂൺ തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തിലുള്ള മോട്ടിവേഷൻ ക്ലാസ്സ് മീറ്റിന്റെ പ്രത്യേകതയായിരുന്നു.