മനാമ: ബഹ്‌റൈനിലെ കലാ സാംസ്ക്കാരിക രംഗത്ത് കഴിഞ്ഞ നാല് ദശകത്തിലേറെയായി പുത്തൻ സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും നവീനവും വ്യത്യസ്ഥവുമായ നിരവധി നാടകാനുഭവങ്ങൾ ബഹ്‌റൈൻ നാടക ലോകത്തിന് സമ്മാനിച്ച പുരോഗമന കലാ കായിക സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ ബഹ്‌റൈൻ പ്രതിഭയുടെ ‘പ്രതിഭ അന്തര്‍ ദേശീയ നാടക പുരസ്‌കാരം2025’ നുള്ള രചനകൾ ക്ഷണിച്ചു. രചയിതാക്കൾ ഇന്ത്യൻ പൗരന്മാരായിരിക്കണം. ലോകത്തിൽ എവിടെ താമസിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്. 25,000 രൂപയുടെ ക്യാഷ് അവാർഡും, പപ്പന്‍ ചിരന്തന സ്മാരക ഫലകവും , കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന ജൂറിയാണ് രചനകൾ തിരഞ്ഞെടുക്കുക. പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്ന, ഒരു മണിക്കൂർ വരെ അവതരണ ദൈർഘ്യം വരാവുന്ന, 2024 ജനുവരി 1-ന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക.
നാടക രചനകൾ 2025 ആഗസ്ത് 15 നുള്ളിൽ bpdramaawards@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ പി.ഡി.എഫ് ആയി ലഭിച്ചിരിക്കേണ്ടതാണ്.
നാടക രചനയിൽ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാകാൻ പാടുള്ളതല്ല. രചയിതാവിന്റെ വ്യക്തി വിവരങ്ങളും മറ്റും (പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇ മെയിൽ) നാടക രചനയോടൊപ്പം പ്രത്യേകം അനുബന്ധമായി അയക്കേണ്ടതാണ്.പ്രതിഭ ജനറല്‍സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണില്‍, നാടക വേദി കണ്‍വീനര്‍ അശോകന്‍ എന്‍ കെ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.