മനാമ: സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്തന്റെ വേർപാടിൽ അനുശോചിച്ച് ബഹ്‌റൈൻ പ്രതിഭ.പുന്നപ്ര വയലാറിൻ്റെ സമര ഭൂമിയിൽ നിന്ന് മതികെട്ടാനിലേക്ക് ഓടിക്കയറി ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സമര പോരാട്ടങ്ങളുടെ രണ്ടക്ഷരമാണ് വി എസ് എന്ന് ബഹ്‌റൈൻ പ്രതിഭ. കണ്ണേ കരളെ എന്ന് കേരളം അദ്ദേഹത്തെ വെറുതെ വിളിച്ചതല്ല. കേരള ജനതയുടെ ഒടുങ്ങാത്ത സമരവീര്യം നിശ്ചയ ദാർഢ്യത്തോടെ അക്ഷരാർത്ഥത്തിൽ കൈകളിലേന്തുകയായിരുന്നു വി.എസ്. തൻ്റെ നാലാമത്തെ വയസിൽ അമ്മയെ വസൂരി രോഗത്താൽ നഷ്ടമായ, പതിനൊന്നാം വയസ്സിൽ അച്ഛനും ഇല്ലാതായി, ഒടുക്കം ഏഴാം ക്ലാസിൽ പഠനം നിർത്തി ജ്യേഷ്ഠൻ്റെ തയ്യൽക്കടയിൽ സഹായിയായി നിന്ന, കയർ തൊഴിലാളിയായി ജീവിച്ച ഒരു ബാലൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയും, പതിനഞ്ച് വർഷം പ്രതിപക്ഷ നേതാവുമായി നിന്നിട്ടുണ്ടെങ്കിൽ അത് അദ്ദേഹം ഉയർത്തിപ്പിടിച്ച രാഷ്ട്രീയവും നിലപാടും സാധാരണക്കാരായ നിരാലംബരായ മനുഷ്യർക്കു വേണ്ടി ഉള്ളതായിരുന്നു എന്നത് കൊണ്ട് തന്നെയാണ് . കേരളത്തിലെ മുഖ്യമന്ത്രിയായി നിന്നവരിൽ നൂറ് വയസ് പിന്നിട്ട ആദ്യ വ്യക്തിത്വം കൂടിയാണ് സഖാവ് വി.എസ്.
നിരാലംബർക്കും,സാധാരണക്കാർക്കും, സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ നാനാ വിഭാഗം ജനവിഭാഗങ്ങൾക്കും എന്ന് വേണ്ട പരിസ്ഥിതി , സ്വതന്ത്ര സോഫ്റ്റ് വെയർ ഉൾപ്പെടെയുള്ള പുതിയകാല രാഷ്ട്രീയ മുദ്രാവാക്യങ്ങൾ അർഥമറിഞ്ഞു ഏറ്റെടുത്ത് മറ്റുള്ളവരെക്കൊണ്ട് നിലപാട് എടുപ്പിച്ചും സ്വന്തം നിലപാടുകൾ പുതുക്കി പണിഞ്ഞും മാതൃകയായ വിഎസ് അഴിമതിയ്ക്കും വർഗീയതയ്ക്കും എതിരെ സമാനതകൾ ഇല്ലാത്ത സമരങ്ങൾ നയിച്ച് നിലപാടുകൾ പുതുക്കിപ്പണിയുക മാത്രമല്ല, കാലാനുസൃതമായി സ്വയം നവീകരിക്കുകയും, ജനകീയ സമരങ്ങൾ ഏറ്റെടുത്ത് അത് വിപുലമാക്കി അതുവഴി താനുൾപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെയും മുന്നണിയുടെയും എതിർ മുന്നണിയുടെ പോലും നിലപാടുകളെ സ്വാധീനിക്കുകയും തിരുത്തുകയും ചെയ്തു. സമര പാതയിലെ സൂര്യ തേജസ്സായി പുരോഗമന പ്രസ്ഥാനങ്ങളെ പ്രചോദിപ്പിച്ച് കൊണ്ട് വി.എസിൻ്റെ നാമം നിലനിൽക്കുക തന്നെ ചെയ്യും. 2015 ൽബഹ്റൈൻ നൽകിയസ്വീകരണവും ആ സന്ദർശനം കൊണ്ട് പ്രവാസിയായ മലയാളികളെയാകെ ത്രസിപ്പിച്ചതും ഇത്തരുണത്തിൽ പ്രതിഭ ഓർത്ത് പോകുന്നു. തൻ്റെ നൂറ്റൊന്നാം വയസ്സിൽ മൺമറഞ്ഞ കർമ്മയോഗിയായ വിപ്ലവകാരിയുടെ അത്യുജ്ജല സ്മരണക്ക് മുമ്പിൽ പ്രതിഭ പ്രവർത്തകർ ഒന്നടങ്കം നമ്രശിരസ്ക്കരായി അനുശോചനം രേഖപ്പെടുത്തുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ അനുശോചനസന്ദേശത്തിൽ അറിയിച്ചു.