മനാമ: വിട പറഞ്ഞ വി. എസ് അച്യുതാനന്ദൻ സ്വജീവിതം കൊണ്ട് വിപ്ലവം തീർത്ത നേതാവായിരുന്നുവെന്ന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. മുഖ്യധാരാ രാഷ്ട്രീയത്തിൽ നേതൃപരമായ പങ്കു വഹിച്ചപ്പോഴും പൗരരാഷ്ട്രീയത്തെയും അതുന്നയിക്കുന്ന മുദ്രാവാക്യങ്ങളെയും ഉൾക്കൊള്ളാനും ജനവികാരങ്ങളോടൊപ്പം നിൽക്കാനും സാധിച്ചുവെന്നതായിരുന്നു അദ്ദേഹത്തിൻ്റെ സവിശേഷത.
ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളിൽ മനുഷ്യത്വ പരമായ നിലപാട് സ്വീകരിക്കുകയും കക്ഷി രാഷ്ട്രീയത്തിൻ്റെ പരമ്പരാഗത വഴികളിൽ നിന്ന് വേറിട്ട വഴി സ്വീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. താനുൾക്കൊണ്ട ആശയത്തിൽ അണുവിട വ്യതിചലിക്കാതെ നില കൊള്ളുന്നതോടൊപ്പം മറുപക്ഷത്തെ ശരികളോട് നീതി പുലർത്താനും കഴിഞ്ഞ അപൂർവം നേതാക്കളിൽ ഒരാളായിരുന്നു സഖാവ് വി.എസ്. പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകരണീയമായ ഒട്ടേറെ മാതൃകകളാണ് അദ്ദേഹം പകർന്ന് നൽകിയിട്ടുള്ളത്. അദ്ദേഹത്തിൻ്റെ വേർപാട് കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.









