

ലണ്ടന്‍: ആന്‍ഡേഴ്‌സണ്‍-ടെന്‍ഡുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്നുമുതല്‍ ലണ്ടനിലെ ഓവല്‍ മൈതാനത്ത്. പരമ്പരയില്‍ ഇതുവരെ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് ഭാരതത്തിനെതിരെ 2-1ന് മുന്നിലാണ്. ഓവല്‍ ടെസ്റ്റില്‍ ഭാരതത്തിന് ജയിക്കാനായാല്‍ പരമ്പര സമനിലയിലാകും. മറിച്ചെന്ത് സംഭവിച്ചാലും ഇംഗ്ലണ്ട് ജേതാക്കളാകും.
കാല്‍വിരലിന് പരിക്കേറ്റ ഋഷഭ് പന്ത് ഭാരതത്തിനായി കളിക്കില്ല. പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍ അന്തിമ ഇലവനിലിറങ്ങും. ഭാരത നിരയില്‍ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാകാനിടയില്ല. മൂന്നാം നമ്പറില്‍ പലരെയും മാറിമാറി പരീക്ഷിച്ചിട്ടും ആരും മികവ് തെളിയിക്കാത്തത് ഭാരതത്തിന് തലവേദനയാണ്. ഋഷഭ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റിന് പിന്നില്‍ ധ്രുവ് ജുറെലിന് മികച്ച പ്രകടനം നടത്തിയേ മതിയാകൂ. അതുപോലെ ബാറ്റിങ്ങില്‍ എത്രത്തോളം ശോഭിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം. കഴിഞ്ഞ മത്സരത്തില്‍ ഇടംകൈയ്യന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ഭാരതത്തിനായി അത്യുഗ്രന്‍ പ്രകടനം കാഴ്‌ച്ചവച്ചത് പ്രതീക്ഷ നല്‍കുന്നുണ്ട്. ബാറ്റിങ്ങിനെ നല്ലരീതിയില്‍ പിന്തുണയ്‌ക്കുന്ന മാഞ്ചസ്റ്ററിലെ പിച്ചില്‍ ഭാരതത്തിന്റെയും ഇംഗ്ലണ്ടിന്റെയും ബൗളര്‍മാര്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. പല താരങ്ങള്‍ക്കും കൂടുതലായി അദ്ധ്വാനിക്കേണ്ടി വന്നു. ഇത് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ പരിക്ക് വരെ എത്തിച്ചു.
ഓവലിലെ പിച്ച്
ഒന്നാം ദിവസം: ആദ്യദിനം ഓവലില്‍ ബാറ്റിങ് അനുകൂലമായ തരത്തിലായിരിക്കും. അതിനാല്‍ ടോസ് നേടുന്ന ക്യാപ്റ്റന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
രണ്ടും മൂന്നും ദിവസങ്ങളില്‍ ബാറ്റിങ്ങിനെ കാര്യമായി ബാധിക്കില്ല. എങ്കിലും ന്യൂബോളിന് അനുകൂലമായി പിച്ച് മാറും. ന്യൂബോള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ബാറ്റിങ് ടീം തീരുമാനിച്ചാലേ വിചാരിച്ച രീതിയില്‍ സ്‌കോര്‍ ചെയ്യാനാകൂ.
നാലും അഞ്ചും ദിവസങ്ങളിലെ ഓവല്‍ പിച്ച് സ്പിന്നിന് അനുകൂലമായി മാറും. ഒപ്പം കൂടുതലായി ബൗണ്‍സ് ഉണ്ടാകാനും സാധ്യതയുണ്ട്. പിച്ചിന്റെ ഈ സ്വഭാവം കണക്കിലെടുത്ത് ഭാരതം ഇതുവരെയുള്ള മത്സരങ്ങളില്‍ കളിപ്പിക്കാതിരുന്ന കുല്‍ദീപ് യാദവിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി മൂന്ന് സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കാനുള്ള സാധ്യതയുണ്ട്.
കാലാവസ്ഥാ റിപ്പോര്‍ട്ട്
ഓവലിന് മീതെയുള്ള ആകാശം മേഘാവൃതമാകാന്‍ സാധ്യതയുണ്ട്. ആദ്യ ദിവസം ഉച്ചയ്‌ക്ക് ശേഷവും അവസാനത്തെ രണ്ട് ദിവസങ്ങളില്‍ ഇടയ്‌ക്കിടെയും മഴ സാധ്യത ഉള്ളതായി ലണ്ടനിലെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു.
ഭാരതം ഇതുവരെ ഓവലില്‍
ആകെ 15 മത്സരങ്ങള്‍ കളിച്ചു. രണ്ടെണ്ണം ജയിച്ചു. ആറ് മത്സരങ്ങളില്‍ തോറ്റു. ഏഴെണ്ണം സമനിലയില്‍ കലാശിച്ചു.
ഏറ്റവും ഒടുവില്‍ ഭാരതം ഓവലില്‍ ആതിഥേയര്‍ക്കെതിരെ ഇറങ്ങിയത് 2021ല്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലാണ്. അന്ന് 157 റണ്‍സിനായിരുന്നു ഭാരത വിജയം. എന്നാല്‍ ഈ പിച്ചില്‍ ഭാരതത്തിന്റെ അവസാന പോരാട്ടം ഇതല്ല. 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആയിരുന്നു. അന്ന് രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങിയ ഭാരതം 209 റണ്‍സിന് പരാജയപ്പെട്ടു.
2021 സപ്തംബറില്‍ കോഹ്‌ലിയും സംഘവും ജയിച്ചത് 50 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ്. ഭാരതം ഇവിടെ കൈവരിച്ച രണ്ട് വിജയങ്ങളില്‍ ആദ്യത്തേത് 1971 ആഗസ്തിലാണ്.









