മനാമ: പുതിയ കാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട്, ധാർമികതയിലധിഷ്ടിതമായ സാംസ്കാരിക കൈമാറ്റത്തിലൂടെ സേവന പ്രവർത്തനങ്ങളിൽ കൂടുതൽ കരമനിരതരാവണമെന്ന് ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ സമ്മിറ്റ് ആഹ്വാനം ചെയ്തു. കാലത്തിന്റെയും സമൂഹത്തിന്റെയും തേട്ടങ്ങൾ ഉൾക്കൊണ്ട് പ്രവർത്തനരീതികൾ ക്രമപ്പെടുത്തുന്നതോടൊപ്പം സമൂഹത്തിൽ വ്യാപകമാവുന്ന എല്ലാ തരം തിന്മകൾക്കുമെതിരായ ജാഗ്രത കൈവിടാതെ സൂക്ഷിക്കണമെന്നും സമ്മിറ്റ് അഭിപ്രായപ്പെട്ടു..
പ്രബോധകരുടെ മുഖമുദ്ര അച്ചടക്കമാണെന്നും ഇസ്ലാം നിഷ്കർഷിക്കുന്ന സ്വഭാവഗുണങ്ങളുടെ അംബാസിഡർമാരായി പ്രസ്ഥാനിക ചുമതലയുള്ളവർ മാറണമെന്നും ഐ. സി.എഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി വയനാട് സമ്മിറ്റ് പ്രതിനിധികളെ ഉണർത്തി. തങ്ങൾ സംബോധന ചെയ്യുന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും സ്വഭാവവും നിലവാരവും അനുസരിച്ച് ഇടപെടലുകളിൽ ഔചിത്യബോധം കാത്തു സൂക്ഷിക്കൽ അനിവാര്യമാണെന്നും ഉൽബോധന പ്രസംഗത്തിൽ അദ്ദേഹം ഓർമപ്പെടുത്തി.
ഏപ്രിൽ അവസാന വാരം ഐസിഎഫ് ഇൻറർനാഷണൽ കൗൺസിൽ കമ്മിറ്റി കോഴിക്കോട് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച ഗ്ലോബൽ സമ്മിറ്റിന്റെ തുടർച്ചയായാണ് ബഹ്റൈൻ നാഷണൽ കമ്മിറ്റി ‘എക്കോസ് ‘ എന്ന പേരിൽ മിനി സമ്മിറ്റ് ഒരുക്കിയത്. ബഹ്റൈനിലെ എട്ട് റീജിയനുകളിൽ നിന്നുള്ള സെനറ്റ് അംഗങ്ങളും, യൂണിറ്റ് ഭാരവാഹികളും പ്രതിനിധികളായി സംബന്ധിച്ചു.
‘ടേക് എ സ്റ്റെപ് ടു ദി നെക്സ്റ്റ് ലെവൽ’ എന്ന ശീർഷകത്തിൽ ബുദയ്യ ചാരിറ്റി ഹാളിൽ നടന്ന എക്കോസിൽ അടുത്ത ഒരു വർഷത്തേക്കുള്ള ഐ.സി.എഫ് പ്രവർത്തന പദ്ധതികളുടെ അവതരണവും ചർച്ചയും നടന്നു.
ഐ.സി.എഫ് ബഹ്റൈൻ ഡപ്യൂട്ടി പ്രസിഡണ്ട് ഉസ്മാൻ സഖാഫി തളിപ്പറമ്പിന്റെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് പ്ലാനിംഗ് ബോർഡ് അംഗം അബ്ദുൽ കരീം ഹാജി മേമുണ്ട ഉദ്ഘാടനം ചെയ്തു.
ഐസിഎഫ് ഇൻറർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ആമുഖ പ്രഭാഷണവും ഇന്റർനാഷണൽ കൗൺസിൽ ഓർഗനൈസേഷൻ സെക്രട്ടറി ശരീഫ് കാരശ്ശേരി പദ്ധതി അവതരണവും നിർവഹിച്ചു. ഇൻറർനാഷണൽ കൗൺസിൽ വെൽഫെയർ സെക്രട്ടറി ഉസ്മാൻ സഖാഫി തിരുവത്ര, വുമൺ എംപവർമെന്റ് സിക്രട്ടറി റാസിഖ് ഹാജി, ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ: എം സി അബ്ദുൽ കരീം ഹാജി എന്നിവർ എക്കോസ് പ്രതിനിധികളെ അഭിവാദ്യം ചെയ്തു.
പ്രതിനിധികൾക്കായി നടത്തിയ വിജ്ഞാന മത്സരത്തിൽ ശംസുദ്ധീൻ സുഹ് രി, നസീഫ് അൽ ഹസനി എന്നിവർ വിജയികളായി.ഷമീർ പന്നൂർ സ്വാഗതവും ശംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.