തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണ്‍ അടുത്തെത്തിനില്‍ക്കെ പിച്ചുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് കെസിഎ. ആദ്യ സീസണെ അപേക്ഷിച്ച് രണ്ടാം സീസണില്‍ കൂടുതല്‍ റണ്ണൊഴുക്ക് പ്രതീക്ഷിക്കാമെന്ന് അണിയറക്കാര്‍ പറയുന്നു. പിച്ച് ക്യൂറേറ്ററായി മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള എ.എം. ബിജു ആണ് മത്സരങ്ങള്‍ക്കുള്ള കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ചുകളൊരുക്കുന്നത്. വരുന്ന 21 മുതല്‍ സപ്തംബര്‍ ആറ് വരെ നീളുന്ന ലീഗിലെ എല്ലാ മത്സരങ്ങളും ഗ്രീന്‍ഫീല്‍ഡിലാണ്.
ആദ്യ സീസണ്‍ പകുതി പിന്നിട്ട ശേഷമായിരുന്നു കൂറ്റന്‍ സ്‌കോറുള്ള മത്സരങ്ങള്‍ താരതമ്യേന കൂടുതല്‍ പിറന്നത്. ഫൈനല്‍ ഉള്‍പ്പടെ മൂന്ന് കളികളില്‍ സ്‌കോര്‍ 200 പിന്നിടുകയും ചെയ്തു. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഉയര്‍ത്തിയ 213 റണ്‍സ് മറികടന്നായിരുന്നു ഫൈനലില്‍ ഏരീസ് കൊല്ലം സെയിലേഴ്സ് കപ്പുയര്‍ത്തിയത്. ഇത്തവണ തുടക്കം മുതല്‍ തന്നെ റണ്ണൊഴുക്കിന്റെ മത്സരങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് ക്യൂറേറ്റര്‍ എ.എം.ബിജു പറയുന്നത്. ട്വന്റി 20യില്‍ കൂടുതല്‍ റണ്‍സ് പിറന്നാല്‍ മാത്രമെ മത്സരം ആവേശത്തിലാകൂ, അതിന് യോജിച്ച പേസും ബൗണ്‍സുമുള്ള പിച്ചുകളാണ് ഒരുക്കുന്നത്. ഇതിനായി കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നെത്തിച്ച പ്രത്യേക തരം കളിമണ്ണ് ഉപയോഗിച്ചിട്ടുണ്ട്. ബാറ്റിങ്ങിന് അനുയോജ്യമെങ്കിലും കണിശതയോടെ പന്തെറിഞ്ഞാല്‍ പേസും ബൗണ്‍സും ബൗളര്‍മാരെയും തുണയ്‌ക്കുമെന്നും ബിജു പറയുന്നു.
ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണുള്ളത്. ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് ആദ്യത്തേതും വൈകിട്ട് 6.45ന് രണ്ടാം മത്സരവും തുടങ്ങും. തുടര്‍ച്ചയായ ദിവസങ്ങളില്‍ രണ്ട് മത്സരം വീതം രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുമെന്നതിനാല്‍ അഞ്ച് പിച്ചുകളാണ് തയ്യാറാക്കുന്നത്. കൂടാതെ ഒന്‍പതോളം പരിശീലന പിച്ചുകളും ഒരുക്കുന്നുണ്ട്.
പിച്ച് ഒരുക്കുന്നതില്‍ ബിജുവിന് മൂന്ന് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുണ്ട്. കെസിഎല്‍ സീസണ്‍ രണ്ടിനുള്ള ഒരുക്കങ്ങള്‍ക്കായി കാര്യവട്ടത്ത് ബിജുവിനൊപ്പം 25 പോരോളം അടങ്ങുന്ന സംഘമാണുള്ളത്.