ന്യൂയോര്‍ക്ക്: പുരുഷ സിംഗിള്‍സ് ടെന്നിസിലെ സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച് ഇന്ന് ആരംഭിക്കാനിരിക്കുന്ന സിന്‍സിനാറ്റി ഓപ്പണില്‍ നിന്ന് പിന്മാറി. ഇനി നേരിട്ട് യുഎസ് ഓപ്പണില്‍ പങ്കെടുക്കുകയാണ് ലക്ഷ്യമെന്ന് ദ്യോക്കോവിച്ച് വ്യക്തമാക്കി. ഹാര്‍ഡ് കോര്‍ട്ടില്‍ മറ്റ് പരിശീലന മത്സരങ്ങളൊന്നിലും പങ്കെടുക്കാതെയാണ് കടുത്ത പരീക്ഷണത്തിനൊരുങ്ങുന്നത്.
24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ദ്യോക്കോവിച് കഴിഞ്ഞ മെയില്‍ ജനീവയില്‍ ജേതാവായി 100 എടിപി ടൈറ്റിലുകളെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. 25 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടി മുന്‍ വനിതാ സിംഗിള്‍സ് താരം മാര്‍ഗരേറ്റ് കോര്‍ട്ടിനെ(24 ഗ്രാന്‍ഡ് സ്ലാം) മറികടന്ന് റിക്കാര്‍ഡ് സ്വന്തമാക്കല്‍ ലക്ഷ്യമിട്ടാണ് 38കാരനായ ദ്യോക്കോവിച്ച് ഈ വൈകിയ പ്രായത്തില്‍ പരിക്കിനോട് പൊരുതി കരിയറില്‍ തുടരുന്നത്. ഏറ്റവും ഒടുവിലത്തെ ഗ്രാന്‍ഡ് സ്ലാം നേട്ടം 2023 യുഎസ് ഓപ്പണ്‍ കിരീടമായിരുന്നു. അന്ന് കാര്‍ലോസ് അല്‍കാരസിനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്.
മാസങ്ങളായി പല വിധത്തിലുള്ള പരിക്ക് മത്സരത്തിനിടെ ദ്യോക്കോവിച്ചിനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തുന്നുണ്ട്. ഏറ്റവും ഒടുവില്‍ കളിച്ചത് വിംബിള്‍ഡണ്‍ സെമിയിലായിരുന്നു. നേരിട്ടുള്ള സെറ്റിന് യാനിക് സിന്നറിനോട് പരാജയപ്പെട്ടു. അതിന് മുമ്പത്തെ ഗ്രാന്‍ഡ് സ്ലാം ഫ്രഞ്ച് ഓപ്പണിലും സെമിയില്‍ സിന്നറിനോട് തോറ്റു. സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാമില്‍ അധികമൊന്നും മുന്നേറാന്‍ ദ്യോക്കോവിച്ചിന് സാധിച്ചില്ല. ശാരീരിക പ്രയാസങ്ങളുണ്ടെങ്കിലും തനിക്ക് പൊരുതാനാവുന്നുണ്ട്. അതിന്റെ തെളിവാണ് തുടര്‍ച്ചയായി രണ്ട് പ്രധാന ടൂര്‍ണമെന്റുകളിലെ സെമി പ്രവേശം എന്ന് ദ്യോക്കോവിച്ച് പറയുന്നു. സിന്നറും അല്‍കാരസും എതിരാളികളായി വരുമ്പോള്‍ എനിക്ക് സാധിക്കുന്നില്ല. യുവ പ്രായത്തില്‍ വളരെ കൃത്യതയോടെ കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. അതുപോലുള്ള താരങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയാതെ വരുന്നു.
ഒന്നര മാസത്തെ കാത്തിരിപ്പിന് ശേഷം യുഎസ് ഓപ്പണില്‍ ഇറങ്ങാനുള്ള ഒരുക്കത്തിലാണ് ദ്യോക്കോവിച്ച്. യുഎസ് ഓപ്പണ്‍ കിരീടം നേടാനായില്ലെങ്കില്‍ വീണ്ടുമൊരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിനായി അടുത്ത വര്‍ഷം ജനുവരി വരെ കാത്തിരിക്കണം.