ഫ്‌ളോറിഡ: ലീഗ് കപ്പില്‍ ഇന്റര്‍ മയാമിക്ക് ജയം. നെകാക്‌സയ്‌ക്കെതിരായ മത്സരം 2-2 സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 5-4ന് വിജയിക്കുകയായിരുന്നു. വിജയത്തിലേക്കുള്ള അവസാനത്തെ സ്‌പോട്ട് കിക്ക് തൊടുത്തത് മറ്റൊരു സൂപ്പര്‍ താരം ലൂയി സുവാരസ് ആയിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ ലയണല്‍ മെസി ഉണ്ടായിരുന്നതാണ്. കൈക്കുഴയിലെ പരിക്ക് കാരണം 11-ാം മിനിറ്റില്‍ താരത്തിന് കളം വിടേണ്ടിവന്നു.
മെസി പുറത്തേക്ക് പോയി തൊട്ടടുത്ത മിനിറ്റില്‍ തന്നെ മയാമി ഗോളടിച്ചു. ടെലാസ്‌കോ സെഗോവിയ ആണ് ഗോള്‍ നേടിയത്. ഇതിനെതിരെ ആദ്യ പകുതിയില്‍ തന്നെ നെകാക്‌സയ്‌ക്ക് വേണ്ടി ടോമസ് ബഡലോനി സമനില നേടി. 33-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍.
രണ്ടാം പകുതിയില്‍ റിക്കാര്‍ഡോ മൊന്റയല്‍ നേടിയ ഗോളില്‍ നെകാക്‌സ മുന്നിലെത്തി. ഇതിനെതിരെ സ്‌റ്റോപ്പേജ് സമയത്ത് ജോര്‍ദി ആല്‍ബ തിരിച്ചടിച്ചു.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ മയാമിയുടെ മാക്‌സിമിലിയാനോ ഫാല്‍കനും 60-ാം മിനിറ്റില്‍ നെകാക്‌സയുടെ ക്രിസ്റ്റിയാന്‍ കാര്‍ഡെറോനും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.