ഭാരതം കൂടുതല്‍ റണ്‍സെടുത്ത പരമ്പര
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലൂടെ ഭാരതം മറ്റൊരു അപൂര്‍വ്വ റിക്കാര്‍ഡ് കൂടി സ്വന്തമാക്കി. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന ഭാരതത്തിന്റെ സ്വന്തം റിക്കാര്‍ഡ് തിരുത്തി കുറിച്ചു. ഭാരതം രണ്ടാം ഇന്നിങ്‌സില്‍ 47 റണ്‍സെടുക്കുമ്പോള്‍ പരമ്പരയിലെ ആകെ സ്‌കോര്‍ 3400 റണ്‍സില്‍ എത്തി.
ഇതിന് മുമ്പ് ഭാരത ക്രിക്കറ്റ് ടീം ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് 1970കളിലാണ്. 1978-79ലായി നാട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ആറ് മത്സര ടെസ്റ്റ് പരമ്പരയില്‍ ഭാരതം 3270 റണ്‍സെടുത്തിരുന്നു. ഇപ്പോള്‍ ഇത് രണ്ടാമത്തെ മികച്ച റണ്‍സായി. പരമ്പരയില്‍ ആകെ സ്‌കോര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള മൂന്നാമത്തെ മികച്ച പ്രകടനം 2016-17 നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 3230 റണ്‍സ് ആണ്. അന്ന് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലാണ് ഭാരതം കളിച്ചത്.
ലോക ക്രിക്കറ്റില്‍ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ടീമായി ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളിലായുള്ളത് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ്. ഇപ്പോഴത്തെ പ്രകടനത്തിലൂടെ ഭാരതത്തിന് പത്താം സ്ഥാനത്തെത്താനായി.