ദുബായ്: മുഹമ്മദ് സിറാജിന് ബൗളിങ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്താന്‍ ഭാരത പേസര്‍ മുഹമ്മദ് സിറാജിനെ സഹായിച്ചത്. 12 സ്ഥാനങ്ങളാണ് സിറാജ് മെച്ചപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ റാങ്കിങ് പ്രകാരം 15-ാം സ്ഥാനത്താണ് താരം. 674 പോയിന്റാണ് സിറാജിനുള്ളത്. ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് ആറ് റണ്‍സിന്റെ ആവേശകരമായ വിജയം നേടിക്കൊടുക്കുന്നതില്‍ സിറാജ് നിര്‍ണായക പ്രകടനമാണ് കാഴ്ചവെച്ചത്. ഓവലില്‍ മാത്രം 9 വിക്കറ്റുകളാണ് സിറാജ് നേടിയത്. അതില്‍ അവസാന ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു. ആകെ 23 വിക്കറ്റുകള്‍ സിറാജ് ഈ പരമ്പരയില്‍ സ്വന്തമാക്കി.
സിറാജിന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിങ്ങാണിത്. ഇതിന് മുമ്പ് 2024 ജനുവരിയില്‍ 16ാം സ്ഥാനത്തെത്തിയതായിരുന്നു സിറാജിന്റെ മികച്ച റാങ്കിങ്. ഓവലില്‍ 8 വിക്കറ്റുകള്‍ നേടിയ പ്രസിദ്ധ് കൃഷ്ണ 59-ാം സ്ഥാനത്തേക്കെത്തിയിട്ടുണ്ട്.