തിരുവനന്തപുരം: മെസിയെ കൊണ്ടുവരാന്‍ കേരളത്തിനു ചെലവില്ലെന്ന കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വാദങ്ങള്‍ പൊളിയുന്നു. മെസിയെയും അര്‍ജന്റൈന്‍ ടീമിനെയും ക്ഷണിക്കാനുള്ള സ്‌പെയിന്‍ യാത്രയ്‌ക്കു ചെലവായത് 13 ലക്ഷത്തിലേറെ രൂപ. കൃത്യമായി 13,04,434 രൂപ. ഇതു സംബന്ധിച്ച വിവരാവകാശ രേഖയിലാണ് വെളിപ്പെടുത്തല്‍. കേരള ഫുട്‌ബോളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് ഒന്നും ചെയ്യാത്ത കായിക മന്ത്രി അര്‍ജന്റീന ടീം വരവിനെ ഇത്രയുംനാള്‍ ന്യായീകരിച്ചിരുന്നത് സംസ്ഥാനത്തിനു ചില്ലിക്കാശു നഷ്ടമില്ലെന്ന വാദമുയര്‍ത്തിയാണ്. എന്നാല്‍ വി. അബ്ദുറഹിമാന്റെ വാദങ്ങള്‍ കള്ളമെന്നു തെളിയിക്കുകയാണ് വിവരാവകാശ രേഖ. കായിക വികസന നിധിയില്‍ നിന്നാണ് ഈ തുക അനുവദിച്ചത്.
2024 സപ്തംബറിലാണ് കായിക മന്ത്രി, കായിക യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎഎസ്, കായിക ഡയറക്ടര്‍ വിഷ്ണുരാജ് ഐഎഎസ് എന്നിവര്‍ മെസിയെയും അര്‍ജന്റീന ടീമിനെയും ക്ഷണിക്കാനെന്ന പേരില്‍ സ്‌പെയിലെ മാഡ്രിഡില്‍ പോയത്. ഇക്കാര്യത്തില്‍ ഇത്രയും രൂപ ചെലവായെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. അന്താരാഷ്‌ട്ര സൗഹൃദ മത്സര വേദിയായി കേരളത്തെ പരിഗണിക്കുന്നതിനുള്ള സജീവ സാധ്യത ചര്‍ച്ചയായെന്നും ഇതിന്റെ ഭാഗമായി അസോസിയേഷന്‍ പ്രതിനിധികള്‍ ഉടന്‍ കേരളത്തിലെത്താന്‍ താത്പര്യം പ്രകടിപ്പിച്ചതായും അന്നു മന്ത്രി ഫെയ്‌സ്ബുക്കില്‍ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു ഫുട്‌ബോള്‍ അക്കാദമികള്‍ സ്ഥാപിക്കാന്‍ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷനു താത്പര്യമുണ്ടെന്നു വരെ മന്ത്രി തട്ടിവിട്ടു.
മെസിയെ കേരളത്തിലെത്തിക്കുമെന്നും 75 കോടി മുടക്കി മഞ്ചേരിയില്‍ പുതിയ സ്‌റ്റേഡിയം പണിയുമെന്നുമായിരുന്നു പിന്നാലെ മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ മന്ത്രി ചെറുവിരല്‍ പോലുമനക്കിയില്ല. മെസി എത്തില്ലെന്നായതോടെ എല്ലാം സ്‌പോണ്‍സറുടെ തലയില്‍വച്ച് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. മെസിയെയോ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളെയോ മന്ത്രിക്കു കാണാനായില്ലെന്നാണ് വിവരം. 2025ല്‍ മെസിയെയും അര്‍ജന്റൈന്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചത് 2024ലാണ്. എന്നാല്‍, സര്‍ക്കാര്‍ ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തിയത് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായാണെന്നു തെളിവൊന്നുമില്ല. മെസിയെ കൊണ്ടുവരുമെന്നേറ്റ സ്‌പോണ്‍സര്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഡയറക്ടര്‍ ആന്റോ അഗസ്റ്റിനും എഎഫ്എയുമായി കരാറായെന്നു പറയുന്നതല്ലാതെ അതിനു തെളിവില്ല.
കായിക വകുപ്പിനെക്കുറിച്ച് ഓരോ ദിവസവും ഓരോരോ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. ഇത്രയധികം ആരോപണങ്ങള്‍ ഉയരുമ്പോഴും മന്ത്രി ചോദ്യമുന്നയിക്കുന്നവരോട് കയര്‍ക്കുകയല്ലാതെ കൃത്യമായ ഉത്തരമില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും പ്രതികരണമില്ല.