

ലണ്ടന്‍: ലവര്‍പൂളിന്റെ ഉറുഗ്വേ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസിനെ ക്ലബ്ബ് വിറ്റൊഴിവാക്കി. സൗദി ക്ലബ്ബ് അല്‍-ഹിലാലിലേക്കാണ് ന്യൂനസിന്റെ കൂടുമാറ്റം. 53 ദശലക്ഷം യൂറോയ്‌ക്കാണ് ന്യൂനസിനെ അല്‍-ഹിലാല്‍ നേടിയത്.
26 കാരനായ ന്യൂനസിനെ മൂന്ന് വര്‍ഷം മുമ്പ് പൊന്നും വില നല്‍കിയാണ് ലിവര്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയില്‍ നിന്നും റാഞ്ചിയത്. 64 ദശലക്ഷം പൗണ്ടിനായിരുന്നു ന്യൂനസിനെ 2022ല്‍ ലിവറിലെത്തിച്ചത്. 143 മത്സരങ്ങളില്‍ നിന്ന് ലിവറിനായി 40 ഗോളുകള്‍ നേടി. ലിവര്‍ പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങളില്‍ മാത്രമേ ന്യൂനസ് സ്റ്റാര്‍ട്ടിങ് ഇലവനില്‍ അവസരം നല്‍കിയുള്ളൂ.
താരത്തെ വിറ്റൊഴിവാക്കി സാമ്പത്തിക അടിത്തറ വിപുലപ്പെടുത്താന്‍ ലിവര്‍ നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നു. ന്യൂകാസില്‍ സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ ഇസാക്കിനെ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിലെത്തിക്കാനുള്ള ശ്രമവും ആന്‍ഫീല്‍ഡില്‍ നടക്കുന്നുണ്ട്. ഇതിനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ന്യൂനസിന്റെ സൗദി ക്ലബ്ബിന് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സീസണിലേക്കായി ലിവര്‍ രണ്ട് കരുത്തന്‍ താരങ്ങളെ നേരത്തെ തന്നെ ടീമിലെത്തിച്ചു കഴിഞ്ഞു. ജര്‍മന്‍ ഫുട്‌ബോളിലെ പ്ലേമേക്കറും ബയെര്‍ ലെവര്‍കൂസന്റെ പ്രധാന താരവുമായ ഫ്‌ളോറിയന്‍ വിര്‍ട്‌സിനെ 116 ദശലക്ഷം പൗണ്ട് നല്‍കിയാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ തുടക്കത്തിലേ തന്നെ ടീമിലെത്തിച്ചത്. ഫ്രഞ്ച് മുന്‍നിര താരം ഹ്യൂഗോ എകിടിക്കെയെയും 79 ദശലക്ഷം പൗണ്ട് നല്‍കി ടീമിലെത്തിച്ചിരുന്നു. ജര്‍മന്‍ ക്ലബ്ബ് എയ്ന്‍ത്രാച്ച് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നാണ് എക്കിടിക്കെയെ ടീമിലെടുത്തത്.
കൊളംബിയന്‍ വിങ്ങര്‍ ലൂയിസ് ഡിയാസിനെ ബയേണ്‍ മ്യൂണിക്കിന് നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ന്യൂനസിനെയും കൈമാറിയിരിക്കുന്നത്. ഡിയാസിനെ ബയേണ്‍ 65.5 ദശലക്ഷം പൗണ്ടിനാണ് സ്വന്തമാക്കിയത്.
ഡാര്‍വിന്‍ ന്യൂനസിന്റെ പുതിയ ക്ലബ്ബ് അല്‍-ഹിലാല്‍ കഴിഞ്ഞ സൗദി പ്രോ ലീഗ് സീസണില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീം ആണ്. മുന്‍ ഇന്റര്‍ മിലാന്‍ പരിശീലകന്‍ സിമോണ്‍ ഇന്‍സാഗി ആണ് ടീമിന്റെ മാനേജര്‍.









