മോന്‍ട്രിയല്‍: വനിതാ സിംഗിള്‍സ് ടെന്നിസില്‍ കാനഡയില്‍ നിന്നൊരു പുത്തന്‍ താരോദയം. കനേഡിയന്‍ ഓപ്പണ്‍ ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്റെ നവോമി ഒസാക്കയെ തോല്‍പ്പിച്ചുകൊണ്ട് വിക്ടോറിയ എംബോക്കോ കരിയറിലെ ആദ്യ ഡബ്ല്യുടിഎ 1000 കിരീടം സ്വന്തമാക്കി. ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് ഓസാക്കയെ കീഴടക്കി കനേഡിയന്‍ കൗമാരക്കാരി വരവറിയിച്ചത്. സ്‌കോര്‍ 2-6, 6-4, 6-1.
കിരീടത്തിലേക്കുള്ള കുതിപ്പിനിടയില്‍ ഫൈനലിന് മുമ്പ് വീഴ്‌ത്തിയത് മൂന്ന് ഗ്രാന്‍ഡ് സ്ലാം ജേത്രികളെയാണ്. സോഫിയ കെനിന്‍, കോകോ ഗൗഫ്, എലേന റൈബാക്കിന എന്നിവരെ കീഴടക്കി ഫൈനലിലെത്തി ഒടുവില്‍ ഒസാക്കയെയും മറികടന്ന് കിരീടം ചൂടി.
ഗംഭീരമായൊരു മത്സരം കളിക്കാനായതില്‍ നവോമിയോടും ഞാന്‍ നന്ദി അറിയിക്കുന്നു. ചെറുപ്പത്തില്‍ മുതല്‍ ഈ സൂപ്പര്‍ താരവുമായി മത്സരിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു-എംബോക്കോ പറഞ്ഞു.
നിലവില്‍ ഡബ്ല്യുടിഎ റാങ്കിങ്ങില്‍ 85-ാം സ്ഥാനത്താണ് എംബോക്കോ ഉള്ളത്.
പ്രസവ ശേഷം കരിയര്‍ പഴയ രീതിയില്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നവോമി ഒസാക്ക. കനേഡിയന്‍ ഓപ്പണ്‍ ഫൈനല്‍ വരെ എത്തിയപ്പോള്‍ നാല് വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാനാകുമെന്ന് കരുതി. പക്ഷെ പുത്തന്‍ കനേഡിയന്‍ കരുത്തിന് മുന്നില്‍ എല്ലാം വെറുതെയായി. ഇതിന് മുമ്പ് 2021 ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് നവോമി ജേതാവായിട്ടുള്ളത്.