ചെന്നൈ: സ്പിന്‍ ഇതാഹസം രവിചന്ദ്രന്‍ അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഭാരതത്തിനായി നിരവധി മത്സരങ്ങളിലെ വിജയ ശില്‍പ്പിയായിരുന്ന താരം ഇക്കഴിഞ്ഞ വര്‍ഷമാണ് ചെന്നൈയിലേക്ക് തിരിച്ചെത്തിയത്. 9.75 കോടി രൂപയ്‌ക്കാണ് അശ്വിനെ ചെന്നൈ കിങ്‌സ് സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിലായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്രാഞ്ചൈസി ആസ്ഥാനത്ത് ഭാവി പദ്ധതികള്‍ സംബന്ധിച്ച യോഗങ്ങള്‍ നടന്നുവരുന്നു. ടീമിന്റെ നായക സ്ഥാനത്തുള്ള എം.എസ്. ധോണിയും ഋതുരാജ് ഗെയ്‌ക്ക്‌വാദും യോഗത്തിലെ സജീവ സാന്നിധ്യമായിരുന്നു. യോഗ തീരുമാനങ്ങള്‍ പുറത്തെത്തും മുമ്പേയാണ് അശ്വിന്‍ ക്ലബ്ബുമായി വേര്‍പിരിയാന്‍ തീരുമാനിച്ചതായുള്ള വിവരങ്ങള്‍ പ്രചരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സിഎസ്‌കെ അക്കാദമിയുടെ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് സ്ഥാനം അശ്വിന് നല്‍കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം ബാധ്യതകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വേണ്ടിയാണ് അശ്വിന്‍ ക്ലബ്ബ് വിട്ടുപോകാന്‍ തീരുമാനിക്കുന്നതെന്നും വാര്‍ത്തകള്‍ പരക്കുന്നു.
ഐപിഎല്ലില്‍ അശ്വിന്റെ തുടക്കം ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെയായിരുന്നു. 2015 വരെ ക്ലബ്ബിനൊപ്പമുണ്ടായിരുന്ന താരം 2016 മുതല്‍ 2024 വരെ ദല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കായി കളിച്ചു.