

ന്യൂദല്‍ഹി: ഭാരത ഫുട്‌ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീല്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷ(എഐഎഫ്എഫ്)നുമായി രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 2027ല്‍ കാരാര്‍ കാലാവധി തീരുമെങ്കിലും വേണ്ടിവന്നാല്‍ ഒരുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
13 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ഭാരതീയന്‍ ദേശീയ ഫുട്‌ബോള്‍ ടീം കോച്ചായെത്തുന്നത്. ഇതിന് മുമ്പ് 2012ല്‍ സാവിയോ മഡെയ്‌റ ആണ് നാട്ടുകാരനായ ഭാരത കോച്ച്.
അധികം വൈകാതെ തന്നെ ജമീല്‍ ഭാരത ടീമംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങുകയാണ്. ബെംഗളൂരുവിലെ ദ്രാവിഡ്-പദുകോണ്‍ ഫോര്‍ സ്‌പോര്‍ട്‌സ് എക്‌സലന്‍സില്‍ മുഴുവന്‍ സമയ പരിശീലന ക്യാമ്പില്‍ നാളെ മുതല്‍ സജീവമാകും. ഖലീലിന് മുന്നിലുള്ള ആദ്യ ദൗത്യം ഒട്ടും വിദൂരമല്ല. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന കാഫാ നേഷന്‍സ് കപ്പിനായി ഭാരത ടീം ഒരുങ്ങുകയാണ്. താജികിസ്ഥാനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഭാരതത്തിന്റെ ആദ്യ മത്സരം 29ന് ആതിഥേയര്‍ക്കെതിരെയാണ്. സപ്തംബര്‍ ഒന്ന്, നാല് തീയതികളിലായി ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് മത്സരങ്ങളും നടക്കും. താജിക്കിസ്ഥാന് പുറമെ ഇറാനും അഫ്ഗാനിസ്ഥാനുമാണ് ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട ഭാരതത്തിന്റെ മറ്റ് എതിരാളികള്‍. കാഫാ നേഷന്‍സ് കഴിഞ്ഞാല്‍ ഒക്ടോബറില്‍ 2027 ഏഷ്യന്‍ കപ്പ് യോഗ്യതക്കായുള്ള നിര്‍ണായക മത്സരത്തില്‍ സിംഗപ്പൂരിനെ നേരിടും. ഒക്ടോബര്‍ ഒമ്പത്, 14 തീയതികളിലായാണ് സിംഗപ്പൂരിനെതിരായ മത്സരങ്ങള്‍.
48കാരനായ ഖാലിദിന് രാജ്യത്തെ ക്ലബ്ബ് ഫുട്‌ബോളുകളില്‍ പരിശീലകനായി മികച്ച പരിചയ സമ്പത്താണുള്ളത്. 2016-17 സീസണില്‍ അയ്‌സ്വാള്‍ എഫ്‌സിയെ ഐലീഗ് ജേതാക്കളാക്കിയതോടെ ശ്രദ്ധിക്കപ്പെട്ടു. ഐ ലീഗിലും ഐഎസ്എല്ലിലുമായി നിരവധി ക്ലബ്ബുകളെയാണ് പരിശീലിപ്പിച്ചിട്ടുള്ളത്. നിലവില്‍ ജംഷെഡ്പുര്‍ എഫ്‌സിയുടെ പരിശീലകന്‍ കൂടിയാണ്. എന്നാല്‍ ഭാരത ഫുട്‌ബോള്‍ ടീമിന്റെ ചുമതല ഔദ്യോഗികമായി ഏറ്റെടുത്തതോടെ ജംഷെഡ്പുരുമായി വഴി പിരിഞ്ഞുവെന്ന് ഖാലിദ് ജമീല്‍ വ്യക്തമാക്കി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഈസ്റ്റ് ബംഗാള്‍ എഫ്‌സി, മുംബൈ എഫ്‌സി ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ആളാണ് ഖാലിദ് ജമീല്‍.
ഭാരതത്തിന്റെ മുന്‍ താരമായിരുന്ന ഖാലിദ് ജമീല്‍ 1997ല്‍ സാഫ് ചാമ്പ്യന്‍ഷിപ്പിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മധ്യനിരതാരമായ ജമീല്‍ 15 മത്സരങ്ങളില്‍ ഭാരതത്തിനായി ബൂട്ടുകെട്ടി. 2002 ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിലുണ്ടായിരുന്നു. 2001ലെ മെര്‍ഡേക്ക ടൂര്‍ണമെന്റിലും കളിച്ചു.
ക്ലബ്ബ് ഫുട്‌ബോളില്‍ മഹീന്ദ്ര യുണൈറ്റഡിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരുന്നത്. നാഷണല്‍ ഫുട്‌ബോള്‍ ലീഗ്, രണ്ട് തവണ വീതം ഫെഡറേഷന്‍ കപ്പും ഐഎഫ്എ ഷീല്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.









