

ഉഡിന്‍(ഇറ്റലി): ഫ്രഞ്ച് ഫുട്‌ബോള്‍ ടീം പാരി സാന്റ് ഷാര്മെയ്ന്(പിഎസ്ജി) ഇത് ചരിത്രപ്പിറവികളുടെ വര്‍ഷം. യുവേഫ സൂപ്പര്‍ കപ്പില്‍ ടീം ആദ്യ ചുംബനമേകി. അത്യന്തം നാടകീയമായ ഫൈനല്‍ മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ടീം ടോട്ടനം ഹോട്സ്പറിനെ തോല്‍പ്പിച്ചു. 2-2ല്‍ അവസാനിച്ച നിശ്ചിത സമയ മത്സരത്തിന് ശേഷം അധികസമയത്തിലേക്ക് പോകാതെ നേരേ ഷൂട്ടൗട്ട് നിര്‍ണയത്തിലേക്ക് കടന്നു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഫ്രഞ്ച് ക്ലബ്ബ് ജേതാക്കളായി.
ക്ലബ്ബ് സീസണും പിന്നാലെയെത്തിയ ക്ലബ്ബ് ലോകകപ്പും തീര്‍ത്ത പരിക്കിന്റെ അവശതകള്‍ പിഎസ്ജിയെ വിട്ടുപോയിരുന്നില്ല. ഫൈനലില്‍ മത്സരത്തിലെ പന്തവകാശം കൂടുതല്‍ സമയവും കൈയ്യാളിയത് പിഎസ്ജി ആയിരുന്നു. പക്ഷെ അര്‍ജന്റീനയുടെ സൂപ്പര്‍ ഡിഫെന്‍ഡര്‍ ക്രിസ്റ്റ്യന്‍ റൊമീറോ നയിക്കുന്ന ടോട്ടനത്തിന്റെ കത്രിക പൂട്ടില്‍ പിഎസ്ജി വിഷമിച്ചു. കിട്ടിയ അവസരങ്ങളില്‍ ടോട്ടനം അതി ഗംഭീര മുന്നേറ്റമാണ് കാഴ്‌ച്ചവച്ചത്. മികച്ച കുറേ അവസരങ്ങള്‍ തുറന്നെടുത്ത ടോട്ടനത്തിന് മുന്നില്‍ പിഎസ്ജി നല്ലപോലെ നിറംകെട്ടു. 39-ാം മിനിറ്റില്‍ മിക്കി വാന്‍ ഡെന്‍ വെനിലൂടെ ടോട്ടനം മുന്നിലെത്തി. ആദ്യപകുതിയുടെ തുടക്കത്തിലേയും പിഎസ്ജിയെ ഞെട്ടിച്ച് ടോട്ടനം ലീഡ് ഉയര്‍ത്തി. 48-ാം മിനിറ്റില്‍ റോമീറോ ആണ് ഗോള്‍ നേടിയത്. ഒടുവില്‍ പകരക്കാരായി ഇറങ്ങിയവരാണ് പിഎസ്ജിയെ രക്ഷിച്ചത്. കൊറിയന്‍ താരം ലീ കാങ്-ഇന്‍ 85-ാം മിനിറ്റില്‍ പിഎസ്ജിക്കായി ആദ്യ ഗോള്‍ മടക്കി. മത്സരം ഇന്‍ജുറി ടൈമില്‍ പുരോഗമിക്കവെ പകരക്കാരനായി ഇറങ്ങിയ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ഗോന്‍സാലോ റാമോസ് 90+4-ാം മിനിറ്റില്‍ പിഎസ്ജിക്കായി സമനില ഗോള്‍ നേടി മത്സരം ആവേശോജ്വലമാക്കി.
പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണായക സേവിലൂടെ ഫ്രഞ്ച് ഗോളി ലൂകാസ് ഷെവലിയര്‍ പിഎസ്ജിയെ രക്ഷിച്ചു. ഒടുവില്‍ ന്യൂനോ മെന്‍ഡസ് തൊടുത്ത കിക്ക് വലയിലെത്തിയതോടെയാണ് പിഎസ്ജി കിരീടം ഉറപ്പിച്ചത്.
ഡൊണ്ണൊരുമയെ പുറത്തിരുത്തിയ സാഹസം, ഒടുവില്‍ കിരീടവും
ഉസ്മാന്‍ ഡെംബേലെ, മാര്‍ക്വിഞ്ഞോസ്, വിട്ടീഞ്ഞ, ബാര്‍കോള തുടങ്ങിയ പ്രതിഭാധനന്മാരെല്ലാം ടീമിലുണ്ടായിരുന്നെങ്കിലും പാരി സാന്റ് ഷാര്മെയ്ന്(പിഎസ്ജി) വല്ലാത്ത ക്ഷീണത്തോടുകൂടിയാണ് സൂപ്പര്‍ കപ്പ് കിരീട പോരിനിറങ്ങിയത്. പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകളായ ടോട്ടനം അത്ര നിസ്സാരക്കാരല്ല. എന്നിട്ടും പിഎസ്ജി കോച്ച് ലൂയിസ് എന്‍ റിക്വെ പരിചയ സമ്പന്നനും ലോക ഫുട്‌ബോളിലെ ഒന്നാന്തരം ഗോള്‍ കീപ്പര്‍മാരില്‍ ഒരാളുമായ ഇറ്റലിക്കാരന്‍ ജ്യാന്‍ ലൂയിജി ഡൊണ്ണൊരുമയെ ഗോള്‍ വല കാക്കാന്‍ നിര്‍ത്തിയില്ല.
എന്റിക്വെ നടത്തിയ കടുത്ത പരീക്ഷണത്തില്‍ ഡൊണ്ണൊരുമയ്‌ക്ക് പകരം നിയോഗിച്ചത് ഫ്രാന്‍സില്‍ നിന്നുള്ള ലൂക്കാസ് ഷെവലിയാറിനെ. പതിവ് ഗോള്‍ കീപ്പിങ് ശൈലിയില്‍ നിന്നും വ്യത്യസ്തനായിട്ടുള്ള ലുക്കാസിന് എതിരാളികളെ കീഴ്‌പ്പെടുത്താനാകുമെന്ന എന്റിക്വെയുടെ കണക്കുകൂട്ടലാണ് സൂപ്പര്‍ കപ്പ് കിരീടത്തിലൂടെ വിജയിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ 5-0ന് തകര്‍ത്ത് കിരീടം നേടി മത്സരത്തില്‍ ഡൊണ്ണൊരുമയുടെ പങ്ക് വളരെ വലുതായിരുന്നു. എന്നിട്ടും എന്‍#റിക്വെ കാട്ടിയ ആത്മവിശ്വാസത്തിന്റെ ഫലം സൂപ്പര്‍ കപ്പ് ഷൂട്ടൗട്ടില്‍ പ്രകടമായി. നാടകീയതകള്‍ക്കൊടുവില്‍ ലൂക്കാസിന്റെ നിര്‍ണായക സേവ് പിഎസ്ജിയെ രക്ഷിച്ചു. നിശ്ചിത സമയ മത്സരത്തില്‍ റിച്ചാര്‍ലിസണിന്റെ ഒരു അത്യുഗ്രന്‍ ഷോട്ടും ലൂക്കാസ് തടുത്തകറ്റിയിരുന്നു.









