

ലണ്ടന്‍: പുതിയ സീസണ്‍ വിജയത്തോടെ തുടങ്ങാമെന്ന ചെല്‍സിയുടെ മോഹം ക്രിസ്റ്റല്‍ പാലസ് തകര്‍ത്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ ഗോളൊന്നും നേടാനാകാതെ ചെല്‍സി കളിയവസാനിപ്പിച്ചു. ക്രിസ്റ്റല്‍ പാലസാണ് ചെല്‍സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്.
അതേസമയം, ഇത്തവണ മിന്നും പ്രകടനം നടത്തുമെന്നു വിലയിരുത്തപ്പെടുന്ന നോട്ടിങ്ങാം ഫോറസ്റ്റ് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബ്രെന്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി.
ക്രിസ് വുഡിന്റെ ഇരട്ടഗോളാണ് നോട്ടിങ്ങാം ഫോറസ്റ്റിന്റെ വിജയത്തില്‍ നിര്‍ണായകമായത്. അഞ്ച്, 45 മിനിറ്റുകളിലായിരുന്നു ക്രിസ് വുഡിന്റെ ഗോളുകള്‍. 42-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെ നോട്ടിങ്ങാമിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ബ്രെന്റ്‌ഫോര്‍ഡിന്റെ ആശ്വാസഗോള്‍ 78-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ തിയാഗോയുടെ വകയായിരുന്നു.
പ്രീമിയര്‍ ലീഗ് രണ്ടാം ദിനം നടന്ന മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗംഭീര വിജയത്തോടെ സീസണ് തുടക്കം കുറിച്ചു. വുള്‍വ്സിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം എല്‍ലിങ് ഹാളണ്ടും ഗോള്‍ വേട്ടയ്‌ക്കു തുടക്കം കുറിച്ചു. ആദ്യമത്സരത്തില്‍ത്തന്നെ ഇരട്ടഗോളുമായി ഹാളണ്ട് തിളങ്ങി. ടീമിന്റെ പുതിയ സൈനിങ്ങുകളായ ടിജ്ജാനി റെയ്ന്‍ഡിയേഴ്സും റയാന്‍ ചെര്‍ക്കിയും മറ്റ് രണ്ട് ഗോളുകള്‍ നേടി.
മോളീന്യൂക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 34-ാം മിനിറ്റില്‍ ഹാലണ്ടാണ് സിറ്റിയുടെ ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടത്.
പ്രതിരോധതാരം റിക്കോ ലൂയിസ് നല്‍കിയ മികച്ച ക്രോസില്‍ നിന്നായിരുന്നു ഹാളണ്ടിന്റെ ഗോള്‍. മൂന്ന് മിനിറ്റിനകം സിറ്റിയുടെ ലീഡ് ഇരട്ടിയാക്കിക്കൊണ്ട് റെയ്ന്‍ഡിയേഴ്സ് വല കുലുക്കി. രണ്ടാം പകുതിയിലും ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത് ഹാളണ്ട്.
റെയ്ന്‍ഡിയേഴ്സ് നല്‍കിയ പാസില്‍ നിന്നും തടുത്ത ബുള്ളറ്റ് ഷോട്ട് വുള്‍വ്‌സ് വല തുളയ്‌ക്കുകയായിരുന്നു.
പകരക്കാരനായി ഇറങ്ങിയ ചെര്‍ക്കിയും സ്‌കോര്‍ ചെയ്ത് സിറ്റി ആദ്യജയം ആവേശത്തോടെ ആഘോഷിച്ചു.
ആസ്റ്റണ്‍വില്ല- ന്യൂകാസില്‍ യുണൈറ്റഡ് മത്സരവും (0-0) ബ്രൈറ്റണ്‍- ഫുള്‍ഹാം മത്സരവും (1-1) സമനിലയില്‍ കലാശിച്ചു.









