ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കരിയറിലെ ഏറ്റവും വലിയ പരാജയം. പരിക്കില്‍നിന്ന് മോചിതനായ നെയ്മര്‍ ബ്രസീലിയന്‍ ക്ലബ് സാന്റോസിനായി കളത്തിലിറങ്ങി വലിയ പരാജയം ഏറ്റുവാങ്ങി.
ബ്രസീലിയന്‍ ലീഗായ സീരി എയില്‍ നെയ്മര്‍ ജൂനിയറിന്റെ സാന്റോസ് എഫ്‌സി. വാസ്‌കോ ഡാ ഗാമയ്‌ക്കെതിരെ സ്വന്തം മൈതാനത്താണ് പരാജയമേറ്റുവാങ്ങിയത്. ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കായിരുന്നു സാന്റോസിന്റെ പരാജയം.
മറ്റൊരു ബ്രസീലിയന്‍ അന്താരാഷ്്ട്ര താരം ഫിലിപ് കുട്ടീഞ്ഞോയുടെ ടീമാണ് വാസ്‌കോ ഡാ ഗാമ എഫ്‌സി. ടീമിനായി കുട്ടീഞ്ഞ ഇരട്ടഗോള്‍ നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. രണ്ടാം പകുതിയിലായിരുന്നു കുട്ടീഞ്ഞോയുടെ ഗോളുകള്‍. ആദ്യ പകുതിയില്‍ ലൂക്കാസ് പിറ്റണ്‍ വാസ്‌കോയെ മുന്നിലെത്തിച്ചു. ഡേവിഡ് കൊറിയ ഡി ഫോണ്‍സെക്ക, റയാന്‍, ഡാനിലോ നെവസ് എന്നിവരും വാസ്‌കോയ്‌ക്കായി സ്‌കോര്‍ ചെയ്തു. നിരാശനായാണ് നെയ്മര്‍ മൈതാനം വിട്ടത്. കനത്ത തോല്‍വിക്കു പിന്നാലെ പരിശീലകന്‍ ക്ലെബര്‍ ഷാവിയറെ സാന്റോസ് പുറത്താക്കി.