ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ റൗണ്ടില്‍ എവര്‍ടണും ലീഡ്‌സ് യുണൈറ്റഡുമൊഴികേ എല്ലാ ടീമും ആദ്യറൗണ്ട് മത്സരം പൂര്‍ത്തിയാക്കിയിരിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളടക്കം മുന്‍നിര ടീമുകള്‍ ജയിച്ചപ്പോള്‍ മികച്ച തിരിച്ചുവരവിന് ശ്രമിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യമത്സരത്തില്‍ തോറ്റു. ഗോളടിയില്‍ മുഹമ്മദ് സലാ മിന്നിയപ്പോള്‍ തൊട്ടുപിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ടുണ്ട്.
കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സപ്പായ ആഴ്സണലിനോടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോറ്റത്. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗണ്ണേഴ്‌സിനോട് ചുവന്ന ചെകുത്താന്മാര്‍ അടിയറവു പറഞ്ഞത്. കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മികച്ചു നിന്നെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിയാത്തത് തിരിച്ചടിയായി.
13-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്നായിരുന്നു ആഴ്സണലിന്റെ ഗോള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കീപ്പര്‍ കിക്ക് തട്ടിയകറ്റിയെങ്കിലും റിക്കാര്‍ഡോ കലിയഫൊരു അത് ഹെഡ് ചെയ്ത് വലയില്‍ എത്തിച്ചു. തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ആഴ്‌സണലിന്റെ പ്രതിരോധം ഭേദിക്കാന്‍ മാഞ്ചസ്റ്റര്‍ ടീമിനായില്ല.
കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഒന്നില്‍പ്പോലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആഴ്‌സണലിനെ പരാജയപ്പെടുത്താനായിട്ടില്ല. കഴിഞ്ഞ സീസണില്‍ ലീഗില്‍ ഏറ്റുമുട്ടിയ രണ്ടിലും തോറ്റു. ഏതെങ്കിലും ഒരു ടീമിനെതിരേ ഇത്രയധികം മത്സരങ്ങള്‍ മാഞ്ചസ്റ്റര്‍ തുടര്‍ച്ചയായി തോല്‍ക്കുന്നത് ഇതാദ്യമാണ്. ആഴ്‌സണലിന്റെ ആദ്യമത്സരത്തിലെ വിജയം ചരിത്രത്തിലിടം നേടി. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നാലാമത്തെ താരമായി ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ മാറി.
187 ഗോളുകളാണ് അദ്ദേഹം പ്രീമിയര്‍ ലീഗില്‍ മാത്രം നേടിയത്. ആന്‍ഡ് കോളിനൊപ്പമാണ് സലാ ഇപ്പോള്‍. ആസ്റ്റണ്‍ വില്ല സ്വന്തം തട്ടകത്തിലെ മിന്നും പ്രകടനം തുടര്‍ന്നു.
അവസാനം കളിച്ച 22 മത്സരങ്ങളിലും ആസ്റ്റണ്‍ വില്ല സ്വന്തം തട്ടകത്തില്‍ തോറ്റില്ല. അവസാനം കളിച്ച മത്സരങ്ങളില്‍ 15ല്‍ വിജയിച്ചപ്പോള്‍ ഏഴ് എണ്ണം സമനിലയില്‍ കലാശിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട് രണ്ട് ഗോളുകള്‍ നേടി വരവറിയിച്ച സീസണിന്റെ തുടക്കം കൂടിയാണിത്.