മുംബൈ: ആശങ്കകളുണ്ടായിരുന്നുവെങ്കിലും മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ് ഏഷ്യാ കപ്പ് ഭാരത ടീമില്‍ ഇടം ലഭിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ടി-20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി നിരൂപകപ്രശംസ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍, പിന്നാലെ വന്ന ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജു നിറംമങ്ങി. ഐപിഎല്‍ തുടക്കത്തില്‍ തിളങ്ങിയെങ്കിലും പിന്നെ പിന്നോക്കം പോവുകയായിരുന്നു.
2025ല്‍ ഒമ്പത് ടി-20 ഇന്നിങ്‌സുകളില്‍ സഞ്ജു കളിച്ചെങ്കിലും കേവലം 285 റണ്‍സ് മാത്രമാണ് നേടാനായത്. 66 ആണ് ഉയര്‍ന്ന സ്‌കോര്‍ 140 സ്‌ട്രൈക് റേറ്റുള്ള സഞ്ജുവിന് ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് നേടാനായത്. ഈ
സാഹചര്യത്തില്‍ സഞ്ജുവിന് ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയേ മതിയാകൂ.
നമുക്ക് മികച്ച മൂന്ന് ഓപ്പണര്‍മാര്‍ ടീമിലുണ്ട്. ഒന്നാം നമ്പറില്‍ അഭിഷേക് ശര്‍മ തന്നെ. പിന്നീടുള്ളത് സഞ്ജുവും ഗില്ലുമാണ്. ഇരുവരും മികച്ച താരങ്ങള്‍. അനിതമ ഇലവനില്‍ ഒരാള്‍ക്കേ സ്ഥാനം ലഭിക്കൂ. സാഹചര്യമനുസരിച്ച് അന്തിമ ഇലവനെ പ്രഖ്യാപിക്കും- അഗാര്‍ക്കര്‍ പറഞ്ഞു. ഇതോടെ സഞ്ജുവിനും ഗില്ലിനും കൂടി ടീമിലിടമുണ്ടാകില്ല എന്നുറപ്പ്. ഇരുവരില്‍ ഒരാളെ മധ്യനിരയിലേക്ക് ഇറക്കി പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് മുതിരുമോ എന്നു കണ്ടറിയണം. കഴിഞ്ഞ ടി-20 ലോകകപ്പിനു ശേഷം 16 അന്താരാഷ്്ട്ര ഇന്നിങ്‌സുകളില്‍നിന്ന് 34.78 ശരാശരിയില്‍ 487 റണ്‍സെടുക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 171.47. ഗില്‍ മികച്ച ഒരു ടി-20 ക്രിക്കറ്ററല്ല എന്നു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍. 2024ലെ കഴിഞ്ഞ ടി-20 ലോകകപ്പിലെ നായകനായിരുന്ന ഗില്‍ പിന്നീട് നടന്ന സിംബാബ്‌വെ, ശ്രീലങ്ക പര്യടനങ്ങളില്‍ ഉപനായകനായി.
അവസാനം കളിച്ച 21 ടി-20 മത്സരങ്ങളില്‍നിന്ന് 30.42 ശരാശരിയില്‍ 578 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. സ്‌ട്രൈക്ക് റേറ്റ് 139.27ഉം. ഈ കണക്കുകള്‍ കൂടി പരിഗണിച്ചാകും അന്തിമ ഇലവനെ പ്രഖ്യാപിക്കുക. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെ തീരുമാനിച്ചാല്‍ സഞ്ജുവിന് കാര്യങ്ങള്‍ ബുദ്ധിമുട്ടാകും.