ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയം ആഘോഷിച്ച് ചെല്‍സി ആദ്യ മത്സരത്തിലെ സമനില ക്ഷീണം തീര്‍ത്തു. വെസ്റ്റ് ഹാമിനെ അവരുടെ തട്ടകത്തില്‍ 5-1ന് തകര്‍ത്തുകൊണ്ട് സീസണിലെ ആദ്യ ജയം ആഘോഷിച്ചു. മത്സരത്തിന്റെ തുടക്കത്തിലേ ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷം അഞ്ചെണ്ണം തിരിച്ചടിച്ചായിരുന്നു ചെല്‍സിയുടെ തകര്‍പ്പന്‍ ജയം.
മത്സരത്തിന് ആറ് മിനിറ്റെത്തിയപ്പോള്‍ വെസ്റ്റ് ഹാമിനായി ബ്രസീലിയന്‍ സൂപ്പര്‍ താരം ലൂക്കാസ് പക്വേറ്റ അത്യുഗ്രന്‍ ഒരു ഇടംകാലന്‍ ലോങ്‌റേഞ്ചറിലൂടെ ചെല്‍സി വല ഭേദിച്ചു. ചെല്‍സി പക്ഷെ പകച്ചില്ല. കൃത്യമായ ഇടവേളകളില്‍ ഗോളിട്ടുകൊണ്ട് മത്സരത്തിന് 58 മിനിറ്റെത്തുമ്പോഴേക്കും വെസ്റ്റ് ഹാം വല നിറയെ ഗോള്‍ നിറച്ചു.
സെറ്റ് പീസിലൂടെ മൂന്ന് ഗോളുകളാണ് നേടിയത്. 15-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ ജോ പെഡ്രോ ഗോള്‍ നേടി. 23-ാം മിനിറ്റില്‍ വീണ്ടും ചെല്‍സിക്ക് അനുകൂലമായൊരു കോര്‍ണര്‍, വീണ്ടും ഗോള്‍. ചെല്‍സി മുന്നിലെത്തി. മികച്ചൊരു മുന്നേറ്റത്തിലൂടെ 34-ാം മിനിറ്റില്‍ ചെല്‍സി ലീഡ് ഉയര്‍ത്തി. അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡല്‍ എന്‍സോ ഫെര്‍ണാണ്ടസ് ആണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ 3-1ന് ചെല്‍സി മുന്നില്‍.
രണ്ടാം പകുതിയിലും ചെല്‍സി അക്ഷീണം മുന്നേറിക്കൊണ്ടിരുന്നു. മോയിസെസ് കായിസെഡോയിലൂടെ 54-ാം മിനിറ്റില്‍ ടചെല്‍സി ലീഡ് 4-1 ആയി ഉയര്‍ത്തി. 58-ാം മിനിറ്റില്‍ വീണ്ടുമൊരു കോര്‍ണര്‍ ട്രെവോ ടോം ചലോബ ചെല്‍സിയുടെ അഞ്ചാമത്തെ ഗോളും നേടി.
ആഴ്‌ച്ചകള്‍ക്ക് മുമ്പ് ക്ലബ്ബ് ലോകകപ്പ് ജേതാക്കളായ പകിട്ടുമായി ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ ചെല്‍സി ക്രിസ്റ്റല്‍ പാലസിനോട് സമനില പിണഞ്ഞിരുന്നു. സ്വന്തം സ്റ്റേഡിയം സ്റ്റാംഫഡ് ബ്രിഡ്ജില്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിന്റെ നിരാശ ഇന്നലത്തെ തകര്‍പ്പന്‍ ജയത്തിലൂടെ മറികടക്കാന്‍ ചെല്‍സിക്ക് സാധിച്ചു.